സജ്ജനാര്‍ നടത്തിയത് രണ്ടാമത്തെ ഏറ്റുമുട്ടല്‍ ; 2008 ല്‍  വെടിവെച്ചു കൊന്നത് മൂന്ന് പേരെ, ഇപ്പോള്‍ നാലു പേരെ – UKMALAYALEE

സജ്ജനാര്‍ നടത്തിയത് രണ്ടാമത്തെ ഏറ്റുമുട്ടല്‍ ; 2008 ല്‍  വെടിവെച്ചു കൊന്നത് മൂന്ന് പേരെ, ഇപ്പോള്‍ നാലു പേരെ

Saturday 7 December 2019 5:41 AM UTC

ഹൈദരാബാദ് Dec 7: തെലുങ്കാനയില്‍ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നതും യുവതിയെ കൊലപ്പെടുത്തിയ അതേ സ്ഥലത്ത് തന്നെ.

സംഭവം പുനരാവിഷ്‌ക്കരിച്ചുള്ള തെളിവെടുപ്പിനായി പോലീസ് യുവാക്കളെ യുവതി ആക്രമിക്കപ്പെട്ട സ്ഥലത്ത് രാത്രി തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു.

പുലര്‍ച്ചെ മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്.

സംഭവം പോലീസ് പുറത്തു വിട്ടത് രാവിലെയും. പ്രധാന റോഡില്‍ നിന്നും തിരിയുന്ന മണ്‍പാതയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.

പ്രതികള്‍ പോലീസില്‍ നിന്നും തോക്കു പിടിച്ചുവാങ്ങി പോലീസിനെ വെടിവെയ്ക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന വിവരം. ചെര്‍ലാപള്ളിയിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും സംഭവം നടന്ന ചേതനപ്പള്ളിയിലെ അടിപ്പാതയില്‍ പ്രതികളെ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ സ്ഥലത്ത് എത്തിയിരുന്നു. അതേസമയം ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും പോലീസ് പ്രതികളെ വെടിവെച്ചു കൊന്നതാണോയെന്നും സംശയം ഉയരുകയാണ്.

സജ്ജനാര്‍ തന്നെ കമ്മീഷണറായിരുന്ന കാലത്ത് 2008 ല്‍ വാറങ്കലിലും സമാന സംഭവം ഉണ്ടായിരുന്നു. രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തിലെ പ്രതികള്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ടു പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിയെ 48 മണിക്കൂര്‍ തികയും മുമ്പ് മൂന്ന് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു. അന്നും സൈറാബാദ് കമ്മീഷണര്‍ തന്നെയായിരുന്നു സംഭവം നടത്തിയത്.

പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചെന്നായിരുന്നു അന്നും പോലീസ് പറഞ്ഞ ന്യായീകരണം. ഇതിന് പിന്നാലെ പൊതുജനങ്ങള്‍ക്കിടിയില്‍ ഇദ്ദേഹം ‘ഹീറോ’യായിരുന്നു. ഒട്ടേറെ സ്വികരണ പരിപാടികളും അന്ന് ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.

എസ്പിയായിരുന്ന വിസി സജ്ജനാറിന് കീഴിലാണ് വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം നടന്ന ഷാദ് നഗര്‍. ഏറ്റുമുട്ടല്‍ സംബന്ധിച്ച അന്വേഷണം തെലുങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോള്‍ മതിയായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നു കഴിഞ്ഞു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. നിയമം കയ്യിലെടുത്ത പൊലീസുകാരെ വിമര്‍ശിക്കുന്നവരും ഏറെയാണ്.

CLICK TO FOLLOW UKMALAYALEE.COM