സജിതാ മഠത്തിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം – UKMALAYALEE

സജിതാ മഠത്തിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

Monday 11 November 2019 4:12 AM UTC

തിരുവനന്തപുരം Nov 11: സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംഘടിത ആക്രമണത്തിനെതിരെ പരാതി നല്‍കി നടി സജിത മഠത്തില്‍. ഡി.ജി.പിക്കാണ് സജിത പരാതി നല്‍കിയത്.

തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിധം ലൈംഗിക ചുവയുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണ് സജിതയുടെ പരാതി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സജിത പരാതി നല്‍കിയിരിക്കുന്നത്.

തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. പൊതുസ്ഥലത്ത് ആക്രമിക്കപ്പെട്ടേക്കുമോ എന്ന് ഭയമുണ്ടെന്നും സജിത തന്റെ പരാതിയില്‍ വ്യക്തമാക്കി.

സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി എടുക്കണമെന്നും സജിത തന്റെ പരാതിയില്‍ ആവശ്യപ്പെട്ടു.

പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സജിതയുടെ സഹോദരിയുടെ മകനാണ്. അലന്റെ അറസ്റ്റിന് പിന്നാലെയാണ് ആക്രമണം ശക്തമായത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് സ്വീകരിച്ചതിലും ശബരിമല വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ സംഘടിത ആക്രമണം.

ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം വാവയ്ക്കിട്ടായപ്പോ കണ്ണീര്‍ എന്നാണ് ദിലീപ് ഓണ്‍ലൈന്‍ സജിതയ്‌ക്കെതിരെ പ്രതികരിച്ചത്.

CLICK TO FOLLOW UKMALAYALEE.COM