സംസ്‌ഥാനഭരണം സ്‌തംഭിക്കുന്നു, 1000 രൂപയ്‌ക്കുപോലും ഗതിയില്ലാതെ ട്രഷറി, – UKMALAYALEE

സംസ്‌ഥാനഭരണം സ്‌തംഭിക്കുന്നു, 1000 രൂപയ്‌ക്കുപോലും ഗതിയില്ലാതെ ട്രഷറി,

Monday 18 November 2019 5:19 AM UTC

തിരുവനന്തപുരം NOV 18 : ട്രഷറി നിയന്ത്രണത്തേത്തുടര്‍ന്ന്‌, 1000 രൂപയുടെ ടെലിഫോണ്‍ ബില്ലുകള്‍ പോലും മാറിനല്‍കാനാവാതെ സംസ്‌ഥാനഭരണം വന്‍പ്രതിസന്ധിയില്‍. നിത്യച്ചെലവുകള്‍ക്കും ധനവകുപ്പിന്റെ പ്രത്യേകാനുമതിയില്ലാതെ പണം നല്‍കേണ്ടെന്ന നിര്‍ദേശമാണു ട്രഷറിക്കു നല്‍കിയിരിക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌, ടെലിഫോണ്‍ ബില്‍ മാറാന്‍വരെ ധനവകുപ്പിന്റെ അനുമതി വേണമെന്നു ശഠിക്കുകയാണു ട്രഷറി അധികൃതര്‍.

ട്രഷറി നിയന്ത്രണം മൂലം മിക്ക ഓഫീസുകളിലും ഇന്റര്‍നെറ്റ്‌-ടെലിഫോണ്‍ ബന്ധം തടസപ്പെടുന്ന അവസ്‌ഥയാണ്‌. ഇതു ഫയല്‍ നീക്കത്തെയും ബാധിക്കുന്നു ചെലവുകള്‍ നിയന്ത്രണാതീതമായി കുതിച്ചുയരുന്നതാണു സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി തകരാന്‍ കാരണം.

സാമ്പത്തികമാന്ദ്യം മൂലം കേന്ദ്രവിഹിതവും യഥാസമയം ലഭിക്കാതായതോടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി. അടുത്തമാസത്തെ ശമ്പളം മുടങ്ങാതിരിക്കാനാണു നിലവില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണു സൂചന. ഇതോടെ സംസ്‌ഥാനത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്‌തംഭിക്കും.

കേന്ദ്രം വായ്‌പാപരിധി വെട്ടിക്കുറച്ചതിനാലാണ്‌ ഇടയ്‌ക്കിടെ ട്രഷറി നിയന്ത്രണം വേണ്ടിവരുന്നതെന്നു ധനവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു. വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനയുണ്ടാകുന്നില്ല.

അനാവശ്യചെലവുകള്‍ കുതിച്ചുയരുന്നു. ശമ്പളപരിഷ്‌കരണം കൂടി നടപ്പാക്കുമ്പോള്‍ സ്‌ഥിതി അതീവഗുരുതരമാകുമെന്നാണു വിദഗ്‌ധാഭിപ്രായം.

റവന്യൂ വരുമാനത്തിന്റെ 69 ശതമാനമാണു ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ മാറ്റിവയ്‌ക്കുന്നത്‌. കഴിഞ്ഞ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ 2016-18 മുതലാണ്‌ ചെലവുവര്‍ധന രൂക്ഷമായതെന്നു സി.എ.ജിയും വ്യക്‌തമാക്കുന്നു.

അടുത്ത ശമ്പളപരിഷ്‌കരണം ഒരുവര്‍ഷത്തിനകം നടപ്പാക്കണം. അതിനായി ഏകദേശം 12,000 കോടിയിലേറെ രൂപ അധികം കണ്ടെത്തേണ്ടിവരും. പിണറായി സര്‍ക്കാര്‍ ഇതുവരെ 18,000 തസ്‌തികകള്‍ പുതുതായി സൃഷ്‌ടിച്ചു.

ശബരിമല, കെ.എസ്‌.ആര്‍.ടി.സി. പ്രതിസന്ധികള്‍ സൃഷ്‌ടിച്ച ബാധ്യതകള്‍ വേറേ. സര്‍ക്കാര്‍ കേസുകള്‍ക്കായി പുറത്തുനിന്ന്‌ അഭിഭാഷകരെ കൊണ്ടുവരുന്നതിനും കോടികളാണു പൊടിക്കുന്നത്‌.

മൂന്നുമാസം കൂടുമ്പോള്‍ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചു മുന്നറിയിപ്പ്‌ നല്‍കിയിരുന്നെന്നും അത്‌ അവഗണിച്ചതാണ്‌ ഇപ്പോഴത്തെ അവസ്‌ഥയ്‌ക്കു കാരണമെന്നും ധനവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ബജറ്റില്‍ വിഭാവനം ചെയ്‌തതിനെക്കാള്‍ 20,000 കോടി രൂപയുടെ കുറവ്‌ മൊത്തവരുമാനത്തിലുണ്ടാകുമെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍.

ജി.എസ്‌.ടിയില്‍ വരുമാനവര്‍ധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. 2013-14നുശേഷം വാണിജ്യമേഖലയില്‍നിന്നുള്ള നികുതി വരുമാനം ഒന്‍പതു ശതമാനമാണ്‌. സ്‌റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷന്‍, എക്‌സൈസ്‌ നികുതിയിനങ്ങളില്‍ വരുമാനവര്‍ധനയുണ്ട്‌.

കെ.ജി.എസ്‌.ടിയില്‍ 10 കോടി രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഐ.ജി.എസ്‌.ടിയില്‍ 148 കോടിയുടെ ഇടിവുണ്ടായി.

ഇതിനിടെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭൂമിയുടെ ന്യായ വില കൂട്ടുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മറ്റ് നികുതികൾ വർദ്ധിപ്പിക്കാനാകാത്ത വിധം പരമാവധി നിലയിലായതാണ് ഭൂമി വില കൂട്ടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഭൂമി വില കൂട്ടാനുള്ള ശുപാര്‍ശ. 2018-19ലെ ബജറ്റിൽ ന്യായവില 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു.

1600 കോടി തന്നില്ല, കേന്ദ്രം പകപോക്കുന്നു: ഐസക്‌

തിരുവനന്തപുരം/ആലപ്പുഴ: സംസ്‌ഥാനത്തെ സാമ്പത്തികപ്രതിസന്ധിക്കു കേന്ദ്രത്തെ പഴിച്ച്‌ മന്ത്രി ടി.എം. തോമസ്‌ ഐസക്‌. കഴിഞ്ഞ 30-നു തരേണ്ടിയിരുന്ന 1600 കോടി രൂപ ജി.എസ്‌.ടി. നഷ്‌ടപരിഹാരം ഇതുവരെ കേന്ദ്രം കൈമാറിയിട്ടില്ല. രാഷ്‌ട്രീയ പകപോക്കലാണിത്‌.

സാമ്പത്തികമാന്ദ്യം മൂലം വരുമാനം ഇടിഞ്ഞതിനാലാണു കടുത്ത നടപടി വേണ്ടിവന്നത്‌. ട്രഷറി നിയന്ത്രണം എന്നു നീക്കുമെന്നു പറയാനാകില്ല. സാമ്പത്തികപ്രതിസന്ധി ശമ്പളവിതരണത്തെയും റീബില്‍ഡ്‌ കേരള പദ്ധതികളെയും ബാധിക്കില്ല-മന്ത്രി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM