സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഗുരുതരo
Monday 2 December 2019 4:55 AM UTC
തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കിഫ്ബിയുടെ പദ്ധതികളെയുള്പ്പെടെ ബാധിക്കുന്ന തരത്തിലേക്ക്. പ്രതീക്ഷിത വരുമാനങ്ങള്‍ ഇല്ലാതാകുകയും കേന്ദ്രം നല്‍കേണ്ട വിഹിതം കൈമാറാതിരിക്കുകയും ചെയ്തതോടെ പ്രതിസന്ധി മാന്ദ്യത്തിന്റെ രൂപത്തിലേക്കാണെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വിപണിയിലിറക്കാന്‍ പണം കൂടിയില്ലാതെവരുന്നത് സ്ഥിതി ഗുരുതരമാക്കും.
സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാതിരിക്കാനാണ് ബജറ്റിന് പുറത്തുനിന്നുള്ള കിഫ്ബി സംവിധാനം സര്‍ക്കാര്‍ കൊണ്ടുവന്നത്.
അഞ്ചു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കാന്‍ തീരുമാനിക്കുകയും അത്രത്തോളം പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ അവയെല്ലാം തകര്ത്തുകളയുമോയെന്നാണ് ഇപ്പോഴുയരുന്ന സംശയം.
നിര്‍മാണത്തിലെ ഗുണമേന്മയില്ലായ്മയുടെ പേരില്‍ കിഫ്ബി പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമാണെന്ന സംശയവും പലരും ഉന്നയിക്കുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായാണ് ഇപ്പോഴത്തേതുപോലെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വരുമാനമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. നികുതിവരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലെന്ന് മാത്രമല്ല, വലിയ ഇടിവുമാണ് ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ധനവകുപ്പ് പ്രതീക്ഷിക്കുന്നതുപോലെ നികുതിവരുമാനത്തിന്റെ ഒരുവിഹിതം കിഫ്ബിയുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി മാറ്റിവയ്ക്കാനാകുമോയെന്ന സംശയം പലരും പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വായ്പയും വാഹനനികുതിയുടെയും ഇന്ധനസെസിന്റെയും വിഹിതവും ചേര്‍ത്താണ് കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം തകിടം മറിയുന്ന സ്ഥിതിയാണ്.
സംസ്ഥാനത്തിന്റെ നികുതിവരുമാനം പ്രത്യേകിച്ച് ജി.എസ്.ടി. 30 ശതമാനമായി വര്‍ധിപ്പിച്ച് വായ്പയുടെ ഭൂരിഭാഗവും പദ്ധതിപ്രവര്ത്തനത്തിനും കിഫ്ബിയുടെ നടത്തിപ്പിനും വേണ്ടി വിനിയോഗിക്കാമെന്നായിരുന്നു ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്.
വരുമാന വര്‍ധനയുണ്ടായില്ലെന്ന് മാത്രമല്ല, ജി.എസ്.ടി. തിരിച്ചടിക്കുകയും ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യം സമസ്തമേഖലകളേയും പിടികൂടിയിരിക്കുകയാണെന്നാണ് ജി.എസ്.ടി വകുപ്പ് നല്കുന്ന സൂചന.
വിദേശത്തുനിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതുപോലെ ധന ഉത്തരവാദിത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ റവന്യുകമ്മി പൂജ്യത്തിലല്ല, ഒരു ശതമാനത്തില്‍പോലും എത്തിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. അത് ധനകമ്മിഷന്റെ വിഹിതത്തിലും കുറവുണ്ടാക്കിയേക്കും.
പതിനൊന്നാം ശമ്പളകമ്മിഷന്റെ റിപ്പോര്‍ട്ടുകൂടി വരുമ്പോള്‍ ഈ പ്രതിസന്ധി ഇരട്ടിയാകും. കഴിഞ്ഞ ശമ്പളപരിഷ്ക്കരണ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്നും ധനവകുപ്പും ചൂണ്ടിക്കാട്ടുന്നുണ്ട്.
7,700 കോടി രൂപയുടെ ബാദ്ധ്യതയാണ് ഇതുണ്ടാക്കിയത്. കുടിശികയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ പലിശകൂടി നല്‍കേണ്ട ബാദ്ധ്യതയുണ്ടായിരിക്കുകയാണ്.
ഇതിനിടയിലാണ് അടുത്ത ശമ്പളപരിഷ്ക്കരണകമ്മിഷനെ നിയമിച്ചിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് വരുമ്പോള്‍ ബാധ്യതകുറഞ്ഞപക്ഷം 12,500 കോടിയെങ്കിലുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
CLICK TO FOLLOW UKMALAYALEE.COM