സംസ്‌ഥാനത്തു  പ്രളയസാധ്യതയെന്ന്‌ ജലകമ്മിഷന്‍ – UKMALAYALEE

സംസ്‌ഥാനത്തു  പ്രളയസാധ്യതയെന്ന്‌ ജലകമ്മിഷന്‍

Thursday 6 August 2020 1:30 AM UTC

കൊച്ചി Aug 6: സംസ്‌ഥാനത്തു വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്‌ക്കും പ്രളയത്തിനും സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍.

കാസര്‍ഗോഡ്‌, കോഴിക്കോട്‌, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രളയത്തിനു സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. മഴ തീവ്രമായ പശ്‌ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ 10 സംസ്‌ഥാനങ്ങള്‍ക്കും മാഹിക്കും പ്രളയ മുന്നറിയിപ്പുണ്ട്‌.

കേന്ദ്ര ജലകമ്മിഷനു സംസ്‌ഥാനത്തെ വിവിധ നദികളില്‍ 38 പ്രളയമാപിനികളാണുള്ളത്‌. ഇതില്‍ 26 എണ്ണത്തിലും ചൊവ്വാഴ്‌ച രാവിലത്തെ കണക്കനസരിച്ചു ജലനിരപ്പ്‌ ഉയരുകയാണ്‌.

കിഴക്കന്‍ മലയോരത്തു മഴ കനത്തതിനെത്തുടര്‍ന്നു മണിമല, പമ്പ, അച്ചന്‍കോവില്‍, കല്ലട നദികളില്‍ ജലനിരപ്പു വര്‍ധിക്കുകയാണ്‌. ഇക്കാര്യം കേന്ദ്ര ജലകമ്മിഷന്‍ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചു.

മലയോരത്തു മുമ്പു മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായിട്ടുള്ള സ്‌ഥലങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌.

സംസ്‌ഥാനത്ത്‌ അപകട നിരപ്പിനോട്‌ അടുക്കുന്ന ആദ്യ നദിയാണ്‌ മണിമലയാര്‍. ഇതു തുടര്‍ന്നാല്‍ അപ്പര്‍ കുട്ടനാട്‌, കുട്ടനാട്‌ മേഖലയില്‍ ജലനിരപ്പ്‌ കൂടും.

ഭവാനിപ്പുഴയിലെ ജലനിരപ്പ്‌ അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും ജല കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

കണ്ണൂര്‍ കൂട്ടുപുഴ അതിര്‍ത്തിയിലെ ബാരാപോള്‍ പുഴയില്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. പുഴയോരത്ത്‌ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്‌തമായി മഴ പെയ്യുന്നതിനാല്‍ കോഴിക്കോട്‌ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പത്തനംതിട്ടയില്‍ എട്ടു വരെ യെല്ലോ അലര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. എട്ടിന്‌ ഇടുക്കി ജില്ലയില്‍ അതിതീവ്രമഴയ്‌ക്കു സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പുനല്‍കി.

CLICK TO FOLLOW UKMALAYALEE.COM