സംസ്ഥാനസര്‍ക്കാരിനെ കുടുക്കി സംവിധായകന്‍ മേജര്‍ രവി;  സുപ്രീം കോടതി തീരദേശ പരിധി ലംഘിച്ച് നിര്‍മ്മാണം നടത്തിയവരുടെ കണക്കെടുക്കുന്നു – UKMALAYALEE

സംസ്ഥാനസര്‍ക്കാരിനെ കുടുക്കി സംവിധായകന്‍ മേജര്‍ രവി;  സുപ്രീം കോടതി തീരദേശ പരിധി ലംഘിച്ച് നിര്‍മ്മാണം നടത്തിയവരുടെ കണക്കെടുക്കുന്നു

Wednesday 12 February 2020 6:14 AM UTC

ന്യൂഡല്‍ഹി Feb 12: കേരളതീരത്തെ മുഴുവന്‍ െകെയേറ്റങ്ങളും അനധികൃതനിര്‍മാണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു സംസ്ഥാനസര്‍ക്കാരിനോടു സുപ്രീം കോടതി. തീരദേശപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടികസഹിതം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മുമ്പ് മരട് കേസ് പരിഗണിക്കവേ, കേരളത്തിലെ തീരെകെയേറ്റങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി ഒന്നിലേറെത്തവണ നിര്‍ദേശിച്ചിരുന്നു.

സംസ്ഥാനസര്‍ക്കാര്‍ ഈ നിര്‍ദേശം പാലിച്ചില്ലെന്നാരോപിച്ച് ചലച്ചിത്രസംവിധായകന്‍ മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പുതിയ ഉത്തരവ്. സുപ്രീം കോടതി വിധിപ്രകാരം മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്ളാറ്റുകളില്‍ ഒന്നിലായിരുന്നു മേജര്‍ രവി താമസിച്ചിരുന്നത്. ഹര്‍ജി വീണ്ടും മാര്‍ച്ച് അവസാനം പരിഗണിക്കും.

ഹര്‍ജിയിലെ ആരോപണം അതീവഗുരുതരമാണെന്നും കേരളത്തിന്റെ തെക്കന്‍ തീരം മുതല്‍ വടക്കന്‍ തീരം വരയുള്ള െകെയേറ്റങ്ങളുടെയും അനധികൃതകെട്ടിടങ്ങളുടെയും കണക്ക് ഉടന്‍ വേണമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

ഇതോടെ ഒന്നരമാസത്തിനുള്ളില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരദേശത്തെ മുഴുവന്‍ നിര്‍മാണങ്ങളുടെയും കണക്ക് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടിവരും.

നിരവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളുമടക്കം പരിസ്ഥിതിലോല മേഖലയിലാണെന്നതാണു സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധി. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചതിലൂടെ, തീരദേശനിയമപ്രകാരം മൂന്നാം സോണിലുള്ള കെട്ടിടങ്ങള്‍ക്കു സാധുതയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു.

ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നു ജസ്റ്റിസ് മിശ്ര നേരത്തേ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പട്ടിക തയാറാക്കി നല്‍കിയാല്‍, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അനധികൃതനിര്‍മാണങ്ങള്‍ പൊളിക്കേണ്ടിവരും.

ഇതേ ആവശ്യമുന്നയിച്ച് മുമ്പു രണ്ടുതവണ മേജര്‍ രവി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ജസ്റ്റിസ് മിശ്ര തീരുമാനമെടുത്തിരുന്നില്ല. മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചശേഷം ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ജില്ലാ ജഡ്ജി അധ്യക്ഷനായ സിവില്‍ കോടതിയെ നിയമിക്കണമെന്നും ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമുള്ള ആവശ്യവും ഇന്നലെ കോടതി പരിഗണിച്ചു.

ഇക്കാര്യത്തിലും സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണമാവശ്യപ്പെട്ടു.

CLICK TO FOLLOW UKMALAYALEE.COM