സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു – UKMALAYALEE

സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

Tuesday 24 March 2020 5:59 AM UTC

തിരുവനന്തപുരം March 24: സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 19 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേരും ഗള്‍ഫില്‍ നിന്ന് വന്നവരാണ്.

ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതവും നിര്‍ത്തിവയ്ക്കും.

പെട്രോള്‍ പന്പുകള്‍, ആശുപത്രികള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസഥാനത്ത് 64320 പേര്‍ നിരീക്ഷണത്തിലുണ്ട്.

383 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. ഇന്ന് 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ആളുകള്‍ കഴിവതും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാസര്‍ഗോഡ് കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും ചുമത്തും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുും. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍.

വെള്ളം , വൈദ്യുതി, ടെലികോം, ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു..

നിലവില്‍ തൊഴില്‍ ഇല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുുകയും ആവശ്യമായ വൈദ്യ പരിശോധന നടത്തുകയും ചെയ്യും. അവര്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്ത് പോകാതിരിക്കാന്‍ അവരുടെ ഫോണ്‍ ടവര്‍ ലൊക്കഷന്‍ നിരീക്ഷിക്കും. ഓരോ ജില്ലകളിലും കൊറോണ പരിചരണത്തിന് മാത്രമായി പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രികള്‍ക്ക് സമീപം തന്നെ താമസ സൗകര്യവും ഭക്ഷണവും നല്‍കുമെന്ന് മുഖ്യ‍മന്ത്രി അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM