സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 12 പേര്‍ക്ക്, ആകെ രോഗ ബാധിതരുടെ എണ്ണം 265 ആയി – UKMALAYALEE
foto

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 12 പേര്‍ക്ക്, ആകെ രോഗ ബാധിതരുടെ എണ്ണം 265 ആയി

Wednesday 1 April 2020 11:51 PM UTC

തിരുവനന്തപുരം April 2: സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12 പേര്‍, എറണാകുളം, മൂന്ന് പേര്‍, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, എന്നിവിടങ്ങളില്‍ രണ്ട് വീതം, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തരുടെ വീതം രോഗം ഭേദമായതായും അദേഹം പറഞ്ഞു. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച ഒന്‍പത് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്.

മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം എത്തിയത്. ഇന്ന് മാത്രം 123 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 7,965 സാമ്പിളുകളില്‍ 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനുള്ളില്‍ കോവിഡ് ആശുപത്രിയായി മാറ്റും. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ പ്രയാസപ്പെടുന്ന അനുഭവമുണ്ടാകരുത്.

മെച്ചപ്പെട്ട നിലയില്‍ റേഷന്‍ വിതരണം നടന്നു. മിക്ക സ്ഥലങ്ങളിലും ഇരിക്കാനുള്ള സൗകര്യവും വെള്ളവും നല്‍കുന്ന സാഹചര്യമുണ്ട്. ഇന്ന് പതിനാറര ലക്ഷത്തോളം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും.

അരിയുടെ അളവില്‍ കുറവുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കായുള്ള പെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്കില്‍ സൂക്ഷിക്കുമെന്നും അദേഹം വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM