സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; ഇന്ന് മാത്രം 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു – UKMALAYALEE

സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; ഇന്ന് മാത്രം 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Saturday 21 March 2020 2:49 AM UTC

തിരുവനന്തപുരം March 21: സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാക്കി കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളത്ത് അഞ്ച് പേര്‍ക്കും കാസര്‍ഗോഡ് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 40 ആയി. എറണാകുളത്തെ അഞ്ച് പേരും ബ്രിട്ടീഷ് പൗരന്മാരാണ്. ഒരാള്‍ സ്ത്രീയാണ്.

സംസ്ഥാനത്ത് 44390 നിരീക്ഷണത്തിലുണ്ട്. 44165 പേര്‍ വീട്ടിലും 225 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2391 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ ഗൗരവമായി എടുക്കേണ്ടതുണ്ടെന്ന സൂചന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ബാധിച്ചയാള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങി. അന്ന് അവിടെ താമസിച്ചു പിറ്റേന്ന് കോഴിക്കോട് പോയി. ശേഷം അവിടെ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് പോയി.

നാട്ടിലെ ഫുട്‌ബോള്‍ മത്സരം അടക്കം എല്ലാ പൊതുപരിപാടികളിലും വീട്ടിലെ സ്വകാര്യ ചടങ്ങിലും ഇയാള്‍ പങ്കെടുത്തു. ആവര്‍ത്തിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുപോലെ ചിലര്‍ അതിന് സന്നദ്ധരാകുന്നില്ല. ഇത് സ്ഥിതിഗതികള്‍ ഗൗരവതരമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയാകെ ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടയ്ക്കും.

കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. ജില്ലയിലെ ക്ലബ്ബുകളും അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗബാധിതനുമായി ഇടപഴകിയ രണ്ട് എം.എല്‍.എമാരും നിരീക്ഷണത്തിലാണ്. ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തത് വലിയ വിഷമമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണം പാലിക്കാത്താവര്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരും വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജനതാ കര്‍ഫ്യുവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും അന്ന് നിശ്ചലമാകും.

ഞായറാഴ്ച വീട്ടില്‍ കഴിയുന്നവര്‍ വീടും പരിസരവും ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ക്രമീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് താല്‍ക്കാലിക നിയന്ത്രണം. 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ വന്നാല്‍ മതിയാകും.

അതാത് വകുപ്പ് മേധാവിമാര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കണം. വസ്തു നികുതി അടയ്ക്കുന്നതിനും വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള സമയപരിധി ഏപ്രില്‍ 30 വരെ നീട്ടി.

കൊവിഡിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് 2000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനായി നബാര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM