സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി: തിരുവനന്തപുരത്തും പാലക്കാട്ടും പക്ഷികള്‍ കൂട്ടത്തോടെ ചത്തു – UKMALAYALEE

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി: തിരുവനന്തപുരത്തും പാലക്കാട്ടും പക്ഷികള്‍ കൂട്ടത്തോടെ ചത്തു

Thursday 12 March 2020 3:04 AM UTC

തിരുവനന്തപുരം March 12: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. ബുധനാഴ്ച തിരുവനന്തപുരത്തും പാലക്കാട്ടും പക്ഷികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് വീണ്ടും പക്ഷിപ്പനി ഭീതിയുയരുന്നത്.

പാലക്കാട്ടെ തോലന്നൂരില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. ഇവയുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

ഇതിനു പിന്നാലെ എംഎല്‍എ ഹോസ്റ്റല്‍ വളപ്പിലും പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി.

ഇവയുടെ സാമ്പിളുകളും ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിച്ച് പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഡിസീസിലേക്ക് അയച്ചിരിക്കുകയാണ്.

ഇതിന്റെ പരിശോധനാ ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് വിവരം.

കോഴിക്കോട് ജില്ലയില്‍ വെസ്റ്റ് കോടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

പക്ഷിപ്പനി കണ്ടെത്തിയ രണ്ടു കോഴിഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM