സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19; ഒരാള്‍ വര്‍ക്കലയിലെത്തിയ ഇറ്റലി പൗരന്‍ – UKMALAYALEE

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19; ഒരാള്‍ വര്‍ക്കലയിലെത്തിയ ഇറ്റലി പൗരന്‍

Saturday 14 March 2020 3:41 AM UTC

തിരുവനന്തപുരം March 14: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ ഇറ്റലിയില്‍ നിന്ന് യു.എ.ഇ വഴി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയുമാണ്.

ഫെബ്രുവരി അവസാനമാണ് ഇറ്റാലിയന്‍ പൗരന്‍ തലസ്ഥാനത്ത് എത്തിയത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 19 ആയി. നേരത്തെ രോഗം ഭേദമായ മൂന്ന് പേര്‍ ഉള്‍പ്പെടെ ആകെ 22 പേര്‍.

ഇന്ന് പുതുതായി സ്ഥിരീകരിച്ച ഒരാളുടെ കാര്യത്തില്‍ ഇന്നലെ തന്നെ ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇയാള്‍ ഉള്‍പ്പെടെയാണ് ആകെ എണ്ണം സര്‍ക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

5468 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നു. 1715 സാമ്പിളുകളില്‍ 1132 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് 69 പേര്‍ അഡ്മിറ്റായി.

ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചയാണ് ഇക്കാര്യം. ആരോഗ്യ മന്ത്രി കെ.കെ ശൈലജയും യോഗത്തിലും തുടര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.

വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ക്കശമാക്കി. റെയില്‍വേ സ്‌റ്റേഷനുകളിലും ജാഗ്രത ശക്തമാക്കും. ട്രെയിനുകളില്‍ അനൗണ്‍സ്‌മെന്റിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. യോഗത്തില്‍ പങ്കെടുത്ത റെയില്‍വേ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

അതിര്‍ത്തിയില്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ അതിര്‍ത്തി കടന്ന് വരുന്നവരെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

ഇതിനായി പോലീസിന്റെയും പ്രാദേശിക സഹായവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇറ്റലി ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്തുവെന്നും വിദേശ ഇന്ത്യക്കാര്‍ക്കായി വിമാനം അയയ്ക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്ന് കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനായാല്‍ കോവിഡ് 19 വൈറസ് ബാധയെയും അതിജീവിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഭീതി പരത്താനാണെന്ന ആക്ഷേപം ഭീതി പരത്താനല്ല. അടുത്ത് പെരുമാറുന്നതിലൂടെയാണ് രോഗം പകരുന്നത്. രോഗിയും രോഗിയാകാന്‍ സാധ്യതയുള്ളവരും ഇത് തിരിച്ചറിയണം. നിയന്ത്രണങ്ങള്‍ അതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM