സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞു; 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു – UKMALAYALEE

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞു; 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Wednesday 25 March 2020 3:51 AM UTC

തിരുവനന്തപുരം March 25: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാത്ത് കൊവിഡ് ബാധിതരുടെ എണ്ണം 105 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 14 പേരില്‍ ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലാണ്. രണ്ട് പേര്‍ കോഴിക്കോട്, 72,460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നു.

71944 പേര്‍ വീടുകളിലും ബാക്കിയുള്ളവര്‍ ആശുപത്രിയിലും കഴിയുന്നു. ഇന്ന് മാത്രം 164 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് കടന്നുപോയത്. ലോക്ക് ഡൗണുമായി ആളുകള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ആളുകള്‍ ഇത് പാലിക്കാതെ യാത്ര ചെയ്യുന്നു. അവശ്യ സാഹചര്യങ്ങളില്‍ മാത്രമേ യാത്ര അനുവദിക്കൂ.

സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന ആള്‍ക്ക് കൂടി മാത്രമേ യാത്ര അനുവദിക്കൂ. അഞ്ചിലധികം ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഭക്ഷ്യ വസ്തുക്കളും കന്നുകാലി തീറ്റ വില്‍ക്കുന്ന കടകളും ബേക്കറികളും രാവിലെ ഏഴ് മണിക്ക് തുറക്കണം. കാസര്‍ഗോഡ് ജില്ലയില്‍ മുന്‍ നിശ്ചയിച്ച സമയം തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അത്യവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതൊരു അവസരമായി കണ്ട് യഥേഷ്ടം യാത്ര ചെയ്യരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

സത്യവാങ്മൂലത്തില്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ ആവശ്യത്തിനാണ് യാത്ര ചെയ്തതെന്ന് വ്യക്തമായാല്‍ നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹചര്യം മുതലെടുത്ത് സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കാമെന്ന് ആരും കരുതേണ്ടന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ചിലയിടങ്ങളില്‍ അത്തരം പ്രവണത കണ്ടുവരുന്നുണ്ട്. താല്‍ക്കാലിക ലാഭം നോക്കി അല്‍പ്പം വില കൂട്ടിയേക്കാമെന്ന് കരുതിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പാസ് നല്‍കും മാധ്യമപ്രവര്‍ത്തകര്‍ക്കും പാസ് നല്‍കും. അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് മതിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദിവസക്കൂലി കൊണ്ട് നിത്യവൃത്തി കഴിയുന്നവര്‍, ‍പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വാര്‍ഡ് തല സമിതികള്‍ കണ്ടെത്തി സഹായം എത്തിച്ചുകൊടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

വീടില്ലാതെ തെരുവില്‍ കഴിയുന്നവരെ ഒരുമിപ്പിച്ച് ഒരു കേന്ദ്രത്തില്‍ താമസിപ്പിക്കാനും അവര്‍ക്ക ഭക്ഷണം ലഭ്യമാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും മാത്രമല്ല, അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് കൗണ്‍സിലിങ് കൂടി നല്‍കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എമാര്‍ നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM