സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് പേര്‍ക്ക് രോഗം ഭേദമായി – UKMALAYALEE

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് പേര്‍ക്ക് രോഗം ഭേദമായി

Monday 6 April 2020 3:29 AM UTC

തിരുവനന്തപുരം April 6: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

കോഴിക്കോട് രോഗം സഥിരീകരിച്ചവരില്‍ നാല് പേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും ഒരാള്‍ ദുബായില്‍ നിന്ന് വന്നയാളുമാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 314 ആയി. സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കു, തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം ഭേദമായി.

സംസ്ഥാനത്ത് നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.

ലോകത്ത് 207 രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇതുവരെ 158617 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ഇവരില്‍ 157841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10221 പേരുടെ സാംപിള്‍ പരിശോധയ്ക്ക അയച്ചു. ഇതില്‍ 9300 സാംപിളുകള്‍ നെഗറ്റീവാണ്.

CLICK TO FOLLOW UKMALAYALEE.COM