സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിലെ പ്രമുഖന്‍ ‘ജി.കെ’ യെ പിടികൂടിയത് അതിസാഹസീകമായി – UKMALAYALEE

സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിലെ പ്രമുഖന്‍ ‘ജി.കെ’ യെ പിടികൂടിയത് അതിസാഹസീകമായി

Thursday 1 August 2019 7:56 AM UTC

തിരുവനന്തപുരം Aug 1: സംസ്ഥാനത്തേക്കു മയക്കുമരുന്ന് എത്തിക്കുന്നവരിലെ പ്രമുഖന്‍ കോട്ടയം, നീണ്ടൂര്‍ സ്വദേശി ജി.കെയെന്ന ജോര്‍ജ് കുട്ടിയെ എക്‌െസെസ് സംഘം പിടികൂടിയത് ഏഴു ദിവസത്തെ രഹസ്യനീക്കത്തിനൊടുവില്‍.

”ഓപ്പറേഷന്‍ ജി.കെ.” എന്നു പേരിട്ട ദൗത്യത്തിന് നേതൃത്വം നല്‍കിയത് അഞ്ച് ഉദ്യോഗസ്ഥര്‍.

20 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ജൂണിലാണു ജോര്‍ജ്കുട്ടി തിരുവനന്തപുരത്ത് എക്‌െസെസ് പിടിയിലായത്. കഴിഞ്ഞ നാലിനു ബംഗളുരുവില്‍ തെളിവെടുപ്പിനിടെ ഇയാള്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത് നാണക്കേടുമായി.

അന്നുമുതല്‍ ജോര്‍ജ് കുട്ടിയെ പിടികൂടാനുളള ശ്രമത്തിലായിരുന്നു എക്‌െസെസ് സംഘം.

കഴിഞ്ഞ 23 ന് രാത്രി ജോര്‍ജുകുട്ടി ബംഗളുരുവിലെത്തിയെന്ന് എക്‌െസെസ് കമ്മിഷണര്‍ അനന്തകൃഷ്ണനു വിവരം ലഭിച്ചതു തുമ്പായി. തുടര്‍ന്ന് ”ഓപ്പറേഷന്‍ ജി.കെ.” എന്ന പേരില്‍ പദ്ധതി തയാറാക്കി.

എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനികുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്, കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെയും നിയോഗിച്ചു.

ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട ജോര്‍ജുകുട്ടിയെ ട്രെയിനില്‍വച്ച് പിടികൂടാനായിരുന്നു ആദ്യപദ്ധതി. എക്‌െസെസ് സംഘം പിന്തുടരുന്നുവെന്നു മനസിലാക്കിയ പ്രതി ട്രെയിനിന്റെ എന്‍ജിന്‍ മുറിയിലൂടെ രക്ഷപ്പെട്ടു.

ഇതിനുശേഷം ബംഗളുരുവില്‍ ജോര്‍ജുകുട്ടിയുമായി ബന്ധപ്പെടുന്നവരെ കേന്ദ്രീകരിച്ചായി അന്വേഷണം. എം.ബി.എ. വിദ്യാര്‍ഥികളായ കോട്ടയം സ്വദേശി അനിരുദ്ധന്‍, മുഹമ്മദ് ഷാഹിര്‍ എന്നിവരെ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ജോര്‍ജുകുട്ടി ബസില്‍ മലപ്പുറത്തേക്കു പോയതായി ഇവരില്‍നിന്നു വിവരം ലഭിച്ചു.

തുടര്‍ന്ന് ജോര്‍ജുകുട്ടിയുടെ രണ്ടാംഭാര്യയുടെ മലപ്പുറത്തെ വീട് തിങ്കളാഴ്ച അര്‍ധരാത്രിയോടെ ദൗത്യസംഘം വളയുകയായിരുന്നു. പാറയുടെ മുകളിലുള്ള ഈ വീട്ടില്‍നിന്നു നോക്കിയാല്‍ താഴെ ആരെത്തിയാലും അറിയാന്‍ സാധിക്കും.

അതുകൊണ്ടുതന്നെ രാത്രി മെഴുകുതിരിവെട്ടത്തില്‍ നാലു ഭാഗങ്ങളില്‍നിന്നായാണ് എക്‌െസെസ് സംഘം എത്തിയത്. ഉദ്യോഗസ്ഥ സാന്നിധ്യം തിരിച്ചറിഞ്ഞ ജോര്‍ജുകുട്ടി വീടിന്റെ അടുക്കളവശംവഴി പുറത്തേക്കു ചാടി.

പിന്തുടര്‍ന്ന എക്‌െസെസ് സംഘത്തിനുനേരേ പിസ്റ്റള്‍ ഉപയോഗിച്ച് നാലു റൗണ്ട് വെടിയുതിര്‍ത്തു. ഇതിനിടെ എക്‌െസെസ് ഉദ്യോഗസ്ഥര്‍ തിരിച്ച് ഒരു റൗണ്ട് വെടിവച്ചു.

ഏറ്റുമുട്ടലിനിടെയാണ് മനോജ് കുമാറിനു വെടിയേറ്റത്. തിരയൊഴിഞ്ഞതോടെ രക്ഷപ്പെടാന്‍ പാഞ്ഞ ജോര്‍ജുകുട്ടിയെ അതിസാഹസികമായി പിന്തുടര്‍ന്നു പിടികൂടിയതോടെയാണു നാടകീയ രംഗങ്ങള്‍ക്ക് അവസാനമായത്.

പിന്നീടു നടന്ന പരിശോധനയില്‍ ഒരുകിലോ ഹാഷിഷ് ഓയിലും 14 വെടിയുണ്ടകളും വീട്ടില്‍നിന്നു കണ്ടെടുത്തു.

CLICK TO FOLLOW UKMALAYALEE.COM