
സംവരണത്തിലൂടെ എത്തിയവര്‍ക്ക് മിണ്ടാന്‍ അവകാശമില്ല ; വിവാദ പരാമര്‍ശം നടത്തിയ അദ്ധ്യാപികയ്ക്കെതിരേ വിദ്യാര്‍ത്ഥികള്‍ സമരത്തിന്
Friday 18 January 2019 12:42 AM UTC

കോഴിക്കോട് Jan 18: സംവരണം വഴി പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മറ്റു മിടുക്കന്മാരായ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തിയവരാണെന്ന് ആരോപിച്ച് ലോ കോളേജ് അദ്ധ്യാപിക വിവാദത്തില്‍.
ഇവര്‍ക്ക് ക്ളാസ്സില്‍ സംസാരിക്കാന്‍ യോഗ്യത ഇല്ലെന്നും അധ്യാപിക പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അദ്ധ്യാപികയ്ക്കെതിരേ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വരികയും പഠിപ്പ് മുടക്കി സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയുമാണ്.
കോഴിക്കോട് ലോ കോളേജില്‍ നടന്ന സംഭവത്തില്‍ ജി ആര് ലക്ഷ്മി എന്ന അദ്ധ്യാപികയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്കെതിരേ എസ്എഫ്ഐ, എംഎസ്എഫ്, ഫ്രാറ്റേണിറ്റി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.
അറ്റന്‍ഡന്‍സ് എടുക്കുന്നതിനിടയില്‍ സംസാരിച്ച മുസ്ളീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ അദ്ധ്യാപിക എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. അതിന് ശേഷം സംവരണ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സംസാരിക്കേണ്ട, നിങ്ങള്‍ ഔദാര്യം പറ്റി വന്നവരാണ്.
മറ്റു കുട്ടികളുടെ അവസരം ഇല്ലാതാക്കിയവരാണ് എന്ന് ആക്ഷേപിച്ചു. അത്രയും കുട്ടികളുടെ മുന്നിലിട്ടുള്ള ആദ്യ അധിക്ഷേപത്തില്‍ അമ്പരന്നു പോയ വിദ്യാര്‍ത്ഥിനികള്‍ അപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും പിന്നീട് പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
അദ്ധ്യാപികയുടേത് തെറ്റായ നിലപാടും ആക്ഷേപിക്കലുമാണെന്ന് ചൂണ്ടിക്കാട്ടി കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം പുറത്തുവിട്ടിരിക്കുകയാണ്.
സംഭവം വിവാദമായതോടെ യൂണിയന് ഭാരവാഹികള്‍ അദ്ധ്യാപികയെ ചോദ്യം ചെയ്തപ്പോള്‍ സംസാരിക്കാന്‍ മാത്രമുള്ള പ്രശ്നം ഇതിലില്ലെന്നും നിങ്ങള്‍ ഇടപെടേണ്ട കാര്യം ഇല്ലെന്നുമായിരുന്നു അദ്ധ്യാപികയുടെ പ്രതികരണം.
തുടര്‍ന്ന് യൂണിയന് ഭാരവാഹികള്‍ കുട്ടിയേയും വിളിച്ചു സംസാരിച്ചതോടെ അധ്യാപിക പേരിനൊരു മാപ്പുപറച്ചില്‍ നടത്തി. അധ്യാപികയ്ക്ക് അബദ്ധം പറ്റിയതാവുമെന്ന രീതിയിലുള്ള പ്രചാരണം അഴിച്ചുവിട്ട് പ്രശ്നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളുമുണ്ടായി.
അതേസമയം പൊതുവേ സംവരണ വിരുദ്ധമായ കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന ആളാണ് അദ്ധ്യാപിക എന്ന ആരോപണം ശക്തമാണ്. സംവരണം എന്ന ആശയം തന്നെ തെറ്റാണെന്നും ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും ഈ സംവിധാനമില്ലെന്നും ഇവര്‍ നേരത്തേ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഒരു വിദ്യാര്‍ത്ഥിനിയെ ശകാരിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് അധ്യാപിക പറയുന്നുണ്ടെങ്കിലും, സംവരണ വിഭാഗങ്ങളെ മുഴുവന്‍ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
സ്ഥലം മാറ്റത്തിലൂടെ കോഴിക്കോട് എത്തിയ അദ്ധ്യാപിക മുമ്പ് പഠിപ്പിച്ച എറണാകുളം ലോകോളേജിലും സംവരണവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവാദം ഉണ്ടാക്കുകയും കുട്ടികളുടെ പ്രതികരണത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ട്.
സമാനമായ പ്രശ്നത്തില്‍ എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ പൂട്ടിയിടുക വരെ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.
കോളേജധികൃതരോടും പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നതിനാല് വിഷയത്തില്‍ വകുപ്പു തല നടപടികള്‍ കൈക്കൊള്ളണമെന്നു കാണിച്ച് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, യുവജന കമ്മീഷന്, ന്യൂനപക്ഷ വികസന കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്കിയിട്ടുള്ളതായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നു.
അപമാനിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഫ്രാറ്റേണിറ്റി സംഘടന അദ്ധ്യാപികയ്ക്കെതിരേ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാം വര്‍ഷ ബി.ബി.എ/എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയാണ് ആക്ഷേപം നേരിടേണ്ടി വന്നത്.
അറ്റന്‍ഡന്‍സ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികള്‍ സംസാരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്.
സംസാരിച്ച വിദ്യാര്‍ത്ഥിനികളില്‍ മുസ്ലിം മതവിശ്വാസികളായ ചിലരുണ്ടായിരുന്നെന്നും, ഇവരെ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയാണ് അധ്യാപികയായ ജി.ആര് ലക്ഷ്മി പരസ്യമായി ആക്ഷേപിച്ചത് എന്നുമാണ് പരാതി.
CLICK TO FOLLOW UKMALAYALEE.COM