സംഭാവനകിട്ടിയ രണ്ടു കോടി കാണാനില്ല, കൊടുത്തവരെയും; മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയില്‍ ആശയക്കുഴപ്പം – UKMALAYALEE
foto

സംഭാവനകിട്ടിയ രണ്ടു കോടി കാണാനില്ല, കൊടുത്തവരെയും; മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയില്‍ ആശയക്കുഴപ്പം

Monday 30 September 2019 5:36 AM UTC

തിരുവനന്തപുരം Sept 30: ദുരിതം അനുഭവിക്കുന്ന പാവങ്ങള്‍ക്കും നിസഹായര്‍ക്കും സഹായം നല്‍കാന്‍ ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയില്‍ ആശയക്കുഴപ്പം.

പദ്ധതി പ്രഖ്യാപിച്ച്‌ രണ്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും ആകെ ലഭിച്ച മൂന്നുലക്ഷത്തോളം അപേക്ഷകളില്‍ ഒന്നുപോലും പരിഗണിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയിലാണു സര്‍വത്ര ആശയക്കുഴപ്പം. മൂന്നുപേര്‍ പദ്ധതിക്കായി സഹായം നല്‍കിയിട്ടുണ്ടെന്നായിരുന്നു 2017-ല്‍ വി.എസ്‌.

ശിവകുമാറിന്റെ ചോദ്യത്തിനു സര്‍ക്കാരിന്റെ മറുപടി. രണ്ടുകോടിയില്‍പരം രൂപ ഫണ്ടിലുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈവര്‍ഷം കെ.സി. ജോസഫിനുള്ള മറുപടിയിലാകട്ടെ ആകെ 10,000 രൂപ മാത്രമാണു സംഭാവനയിനത്തില്‍ ലഭിച്ചതെന്നും ഒരാള്‍മാത്രമാണു സഹായം നല്‍കിയതെന്നുമാണ്‌ വിശദീകരണം.

കേരളത്തിന്റെ വികസനവും ക്ഷേമവും മെച്ചപ്പെടുത്താനുള്ള ധനസമാഹരണത്തിനാണ്‌ പദ്ധതി രൂപീകരിച്ചതെന്നു 2017-ല്‍ ശിവകുമാറിനുള്ള മറുപടിയില്‍ സൂചിപ്പിച്ചിരുന്നു.

ഫണ്ടിനത്തില്‍ 2,25,47,360 രൂപ സമാഹരിച്ചിട്ടുണ്ടെന്നും പാളയം സാഫല്യം കോംപ്ലക്‌സിലെ സി.എച്ച്‌. മുഹമ്മദ്‌ കോയ ഫൗണ്ടേഷന്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ ഡോ: ബി.ആര്‍. ഷെട്ടി, ബംഗളുരുവിലെ ബാലകൃഷ്‌ണഗിരി പാര്‍ത്ഥന്‍ എന്നിവര്‍ അടക്കം സംഭാവന നല്‍കിയതായും വ്യക്‌തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ആറിനു കെ.സി ജോസഫിനു നല്‍കിയ മറുപടിയില്‍ ഇതിനു കടകവിരുദ്ധമായ വിവരങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

2016-ല്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നും 3,48,650 അപേക്ഷകളില്‍ ഒരെണ്ണംപോലും പരിഗണിച്ചില്ലെന്നും മറുപടിയിലുണ്ട്‌.

ഫണ്ടിനത്തില്‍ എത്രരൂപയുണ്ടെന്നു വ്യക്‌തമാക്കുന്നില്ലെന്നു മാത്രമല്ല, 10,000 രൂപ സംഭാവന നല്‍കിയത്‌ സി.എച്ച്‌. മുഹമ്മദ്‌കോയ എഡ്യുക്കേഷണല്‍ ട്രസ്‌റ്റ്‌ മാത്രമാണെന്നുമാണു മറുപടി.

പദ്ധതി സംബന്ധിച്ച്‌ സര്‍ക്കാരും ആശയക്കുഴപ്പത്തിലാണെന്നു വ്യക്‌തമാക്കുന്നതാണ്‌ മറുപടിയിലെ വൈരുദ്ധ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

CLICK TO FOLLOW UKMALAYALEE.COM