ഷെയ്ന്‍ പ്രകോപിപ്പിച്ചു; ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി അമ്മയും ഫെഫ്കയും – UKMALAYALEE

ഷെയ്ന്‍ പ്രകോപിപ്പിച്ചു; ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി അമ്മയും ഫെഫ്കയും

Wednesday 11 December 2019 5:53 AM UTC

കൊച്ചി Dec 11: നടന്‍ ഷെയ്ന്‍ നിഗം ഉള്‍പ്പെട്ട വിവാദത്തില്‍ സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി. അനുനയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഷെയ്ന്‍ നിഗം തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയും ഫെഫ്കയും പിന്‍മാറിയത്.

സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചു.

സിനിമാ വിവാദത്തില്‍ കൊച്ചിയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഷെയ്ന്‍ തിരുവനന്തപുരത്ത് വച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ പ്രസ്താവന. നടത്തിയത്.

നിര്‍മ്മാതാക്കളും സംവിധായകരുമായുള്ള ചര്‍ച്ച ഏകപക്ഷീയമാണെന്നും അവരു പറയുന്നതെല്ലാം ഏകപക്ഷീയമായി കേള്‍ക്കണമെന്നും ഷെയ്ന്‍ കുറ്റപ്പെടുത്തി. സിനിമ മുടങ്ങുന്നതിനെപ്പറ്റി നിര്‍മ്മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്നായിരുന്നു ഷെയ്‌ന്റെ പ്രതികരണം.

അമ്മ തന്റെ സംഘടനയാണ് അമ്മ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തന്റെ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ഷെയ്ന്‍.

ഇതിനിടെ തിരുവനന്തപുരത്ത് എത്തിയ ഷെയ്ന്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയതും സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചു.

മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ചര്‍ച്ചയുമായി മുന്നോട്ട് പോകേണ്ടന്നാണ് സിനിമാ സംഘടനകളുടെ തീരുമാനം.

CLICK TO FOLLOW UKMALAYALEE.COM