ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടിയുമായി നിര്‍മ്മാതാക്കള്‍; എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്‍മാറിയേക്കും – UKMALAYALEE

ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടിയുമായി നിര്‍മ്മാതാക്കള്‍; എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്‍മാറിയേക്കും

Tuesday 26 November 2019 5:52 AM UTC

കൊച്ചി  Nov 26: നടന്‍ ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന. ഷെയ്ന്‍ കരാര്‍ ഒപ്പിട്ടതും ധാരണ ആയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്‍മാറും. നിര്‍മ്മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.

വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജും ഷെയിനുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് വീണ്ടും പ്രശ്‌നം വഷളായിരിക്കുന്നത്.

സിനിമയുടെ ഗെറ്റപ്പില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ഷെയ്ന്‍ മുടി മുറിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം സിനിമാ സംഘടനകള്‍ ഇടപെട്ട് ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു.

എന്നാല്‍ തന്നെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് മനഃപൂര്‍വം കഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ സംവിധായകനെതിരെയും ഷെയ്ന്‍ രംഗത്ത് വന്നിരുന്നു.

അതേസമയം വെയില്‍ സിനിമയുടെ അണിയറക്കാരുമായി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുടി പറ്റെ വെട്ടിയും ഷേവ് ചെയ്തും ഇന്ന് ഷെയ്ന്‍ നിഗം നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നിര്‍മ്മാതാക്കള്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

അഞ്ച് കോടിയിലധികം രൂപയുടെ രണ്ട് സിനിമകള്‍ ഷെയ്ന്‍ കാരണം മുടങ്ങിയിരിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM