ഷുക്കൂര്‍ വധം: സി.പി.എമ്മിനു സി.ബി.ഐ. കുരുക്ക്‌ , പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി – UKMALAYALEE
foto

ഷുക്കൂര്‍ വധം: സി.പി.എമ്മിനു സി.ബി.ഐ. കുരുക്ക്‌ , പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി

Tuesday 12 February 2019 2:53 AM UTC

കണ്ണൂര്‍ Feb 12: ഏഴുവര്‍ഷം മുമ്പ്‌ എം.എസ്‌.എഫ്‌. പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ ആള്‍ക്കൂട്ടമധ്യത്തില്‍ കൊലപ്പെടുത്തിയ കേസില്‍, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ. കൊലക്കുറ്റം ചുമത്തി.

ടി.വി. രാജേഷ്‌ എം.എല്‍.എയ്‌ക്കെതിരേ ഗൂഢാലോചനയ്‌ക്കും കേസെടുത്തു. പാര്‍ട്ടി കോടതി നടപ്പാക്കിയ വധശിക്ഷ എന്ന പേരില്‍ സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസിലാണ്‌ ഒടുവില്‍ ഉന്നതനേതാക്കളും കുടുങ്ങുന്നത്‌.

ഇതോടെ മുഖ്യപ്രതികള്‍ക്കുമേല്‍ ചുമത്തിയ കൊലക്കുറ്റം ഇവര്‍ക്കും ബാധകമാകും. തലശേരി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ്‌ 302, 120 ബി എന്നീ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത്‌.

ഗൂഢാലോചനയില്‍ ജയരാജനും രാജേഷിനും വ്യക്‌തമായ പങ്കുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. മുസ്ലിംലീഗ്‌ വിദ്യാര്‍ഥി വിഭാഗമായ എം.എസ്‌.എഫിന്റെ പ്രവര്‍ത്തകനായിരുന്ന തളിപ്പറമ്പ്‌ പട്ടുവം അരിയില്‍ അബ്‌ദുള്‍ ഷുക്കൂര്‍ (24) 2012 ഫെബ്രുവരി 20-നാണ്‌ കൊല്ലപ്പെട്ടത്‌.

സി.പി.എം. നേതാക്കളായ പി. ജയരാജനും ടി. വി. രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ തളിപ്പറമ്പിനു സമീപം പട്ടുവത്ത്‌ കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകമായിരുന്നു കൊലപാതകം.

ചെറുകുന്ന്‌ കീഴറയിലെ വയലിലാണു ഷുക്കൂറിനെ ബന്ദിയാക്കി കൊലപ്പെടുത്തിയത്‌. വാഹനം ആക്രമിക്കപ്പെട്ടശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലാണു കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ഇക്കാര്യം ജയരാജനും രാജേഷിനും അറിയാമായിരുന്നു. കൊലപാതകനീക്കം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പ്‌ മാത്രമാണു നേരത്തേ ഇരുവര്‍ക്കുമെതിരേ പോലീസ്‌ ചുമത്തിയിരുന്നത്‌.

എന്നാല്‍, ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചതു മുതല്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര ഒളിപ്പിച്ചതില്‍വരെ വ്യക്‌തമായ ആസൂത്രണവും പ്രാദേശികനേതാക്കളുടെ നിര്‍ദേശങ്ങളുമുണ്ടായിരുന്നെന്നാണ്‌ സി.ബി.ഐയുടെ കണ്ടെത്തല്‍.

നേതാക്കളുടെ വാഹനത്തിനു നേരേ കല്ലേറുണ്ടായതിനേത്തുടര്‍ന്ന്‌ കീഴറ വള്ളുവന്‍ കടവില്‍ കാത്തുനിന്ന സി.പി.എം. പ്രവര്‍ത്തകര്‍ ഷുക്കൂറിനെയും സംഘത്തെയും പിന്തുടര്‍ന്നു. ഇതോടെ ഷുക്കൂര്‍ സമീപത്തെ മുഹമ്മദ്‌ കുഞ്ഞിയുടെ വീട്ടിലേക്ക്‌ ഓടിക്കയറി.

പിന്തുടര്‍ന്നെത്തിയവര്‍ ഇരുവരെയും പുറത്തേക്കിറക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ്‌ കുഞ്ഞി തയാറായില്ല. ഇതിനിടെ ചിലര്‍ കതകു പൊളിച്ച്‌ ഉള്ളില്‍ കയറി. മൊബൈല്‍ ഫോണില്‍ ഷുക്കൂറിന്റെയും കൂട്ടുകാരുടെയും ചിത്രങ്ങളെടുത്ത്‌ ഉറപ്പുവരുത്താന്‍ പലര്‍ക്കായി കൈമാറി.

ഷുക്കൂറിനെയും സുഹൃത്ത്‌ സക്കറിയയേയും വയലിലേക്ക്‌ ഇറക്കിനിര്‍ത്തി മര്‍ദിച്ചു. ഷുക്കൂറിലേക്ക്‌ അക്രമിസംഘത്തിന്റെ ശ്രദ്ധ തിരിഞ്ഞതോടെ സക്കറിയ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ പിന്നില്‍നിന്നു വെട്ടിവീഴ്‌ത്തിയാണു ഷുക്കൂറിനെ കൊലപ്പെടുത്തിയത്‌.

ഈസമയം വയല്‍വരമ്പില്‍ സ്‌ത്രീകളടക്കമുള്ള ഇരുനൂറോളം പേര്‍ കാഴ്‌ചക്കാരായിരുന്നു. ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും അന്വേഷണത്തില്‍ കേരളാ പോലീസിന്റെ വീഴ്‌ചയുമാണു സി.ബി.ഐ. അന്വേഷിക്കുന്നത്‌.

നേരത്തേ എറണാകുളം സി.ബി.എ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുബന്ധവകുപ്പുകള്‍ ചേര്‍ത്ത്‌ തലശേരി കോടതിയിലേക്കു മാറ്റുകയായിരുന്നു. കേസ്‌ വീണ്ടും കോടതി 14-നു പരിഗണിക്കും.

CLICK TO FOLLOW UKMALAYALEE.COM