ശ്രീലങ്കയിലെ കൂട്ടക്കുരുതി : സ്ഫോടകവസ്തുക്കള്‍ കേരളത്തില്‍നിന്ന്
Wednesday 1 May 2019 2:32 AM UTC
കൊച്ചി May 1: ഭീകരര്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമായി ശേഖരിച്ച സ്ഫോടകവസ്തുക്കള്‍. തമിഴ്നാട്ടിലെ രാമനാഥപുരം വഴിയാണ് ഇവ കടത്തിക്കൊണ്ടുപോയതെന്നു കരുതുന്നു.
സ്ഫോടകവസ്തു ശേഖരത്തില്‍നിന്നു തമിഴ്നാട്ടില്‍ അച്ചടിച്ച കടലാസുകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം നല്കി.
പൊട്ടാസ്യം നൈട്രേറ്റ്, ഗണ്‍പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവ പലയിടങ്ങളില്‍നിന്നു ശേഖരിച്ച് പലപ്പോഴായി ശ്രീലങ്കയിലേക്കു കടത്തുകയായിരുന്നു. രണ്ടു വര്‍ഷമെടുത്ത് ശ്രീലങ്കയില്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചു. അവയാണു ചാവേറുകള്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
പ്രത്യേക കാലാവസ്ഥയിലും ഊഷ്മാവിലും സൂക്ഷിക്കേണ്ട സ്ഫോടകവസ്തുക്കള്‍ മത്സ്യബന്ധന ബോട്ടുകളുടെ ശീതീകരണികളില്‍ ഒളിപ്പിച്ചാണു കടത്തിയതെന്നാണ് സൂചന. ഇതിനു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കാര്യമായ സഹായം കിട്ടിയിട്ടുണ്ടാകാം.
സ്ഫോടനം നടത്താനുള്ള പരിശീലനവും കേരളത്തിലും തമിഴ്നാട്ടിലുമായാണു നടത്തിയത്.
കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും സ്ഫോടക വസ്തുകള്‍ സംഘടിപ്പിക്കാനുള്ള ചുമതല തനിക്കായിരുന്നെന്നും എന്‍.ഐ.എ. പിടികൂടിയ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍, ശ്രീലങ്കന്‍ സ്ഫോടനവുമായി റിയാസിനെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു സൂചന.
ബോംബ് നിര്മാണത്തിനുവേണ്ടി ബോള്‍ ബെയറിങ്ങുകളും മറ്റും വന്‍തോതില്‍ ഇന്ത്യയില്‍നിന്നു കടത്തിയിട്ടുണ്ട്.
ഇവയുടെ ശേഖരം കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലില്‍ ശ്രീലങ്കയില്‍നിന്നു പിടിച്ചെടുത്തിരുന്നു. സമാന സ്വഭാവമുള്ള ശേഖരങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും മുമ്പു പലതവണ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും ക്രിമിനലുകള്‍ സ്ഫോടക വസ്തുക്കള്‍ കൈക്കലാക്കുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു.
ക്വാറികളില്‍ ഉപയോഗിക്കാന്‍ അനധികൃതമായി ശേഖരിക്കുന്ന സ്ഫോടകവസ്തുക്കളാണു ക്രിമിനലുകളും ഭീകരരും കൈക്കലാക്കി ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
കേരളത്തില്‍നിന്ന് സഹ്റാനെ വിളിച്ചിരുന്നതിനു ഫോണ്‍രേഖ
കൊച്ചി: ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരനായ സഹ്റാന്‍ ഹാഷിമിന്റെ ഫോണിലേക്കു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും വിളികളെത്തിയിരുന്നതായി കോള്‍ ഡീറ്റെയില്‍ റെക്കോഡ് (സി.ഡി.ആര്) രേഖ.
പന്ത്രണ്ടു നമ്പറുകളില്‍നിന്നാണ് വിളികള്‍ എത്തിയിരുന്നതെന്നും സഹ്റാന്‍ ഹാഷിമിന്റെ മൊബൈല്‍ ഫോണിന്റെ സി.ഡി.ആര്. പരിശോധനയില്‍ കണ്ടെത്തി.
സഹ്റാന്‍ ഹാഷിമിന് ഇവിടെ പലരുമായും അടുത്ത ബന്ധമുണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കഴിഞ്ഞ മാസം അവസാനം ഇയാള്‍ ഇന്ത്യയിലെത്തിയിരുന്നെന്നു ഫോണ്‍ വിളികളുടെ പരിശോധനയില്‍ വ്യക്തമായി.
വന്ന മാസവും തീയതിയും കണ്ടെത്തി. എന്‍.ഐ.എ. തെരയുന്ന പലരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നെന്നു സൂചനയുണ്ട്.
ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ സ്ഫോടനം, ഐ.എസ്. ബന്ധം തുടങ്ങിയവയുടെ അന്വേഷണത്തിന്റെ തിരക്കിലായതിനാല്‍ കൊച്ചിയിലെ എന്‍.ഐ.എ. കോടതി മറ്റു കേസുകള്‍ പരിഗണിക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്.
വിചാരണ അന്തിമഘട്ടത്തിലെത്തിയ കനകമലക്കേസും ഇതിലുണ്ട്. ഇപ്പോഴത്തെ അന്വേഷണം വളരെ ഗൗരവമുള്ളവയായതിനാല് മറ്റു കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കു ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണെന്നു കോടതിയെ അറിയിച്ചിട്ടുണ്ട്.
CLICK TO FOLLOW UKMALAYALEE.COM