ശ്രീറാമിന്റേത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ – UKMALAYALEE

ശ്രീറാമിന്റേത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ

Monday 5 August 2019 4:48 AM UTC

കൊച്ചി Aug 5 : മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലം ലഭിച്ചില്ലെങ്കിലും നിയമപരമായി അതു കേസിനെ ബാധിക്കില്ലെന്ന് നിയമവിദഗ്ധര്‍.

പോലീസ് ആക്ട് 51(എ) ചാര്‍ജ് ചെയ്താല്‍ രക്തപരിശോധന റിപ്പോര്‍ട്ട് തെളിവിനായി ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാന്‍ ഒമ്പത് മണിക്കൂറോളം വൈകിയ സാഹചര്യത്തിലാണ് ഇതിന്റെ നിയമവശം പരിശോധിക്കപ്പെടുന്നത്. സാധാരണരീതിയില്‍ രക്ത പരിശോധനാഫലം പ്രധാന തെളിവാണ്.

മദ്യപിച്ച് വാഹനാപകടമുണ്ടാക്കുന്നവരെ വെറുതേ അറസ്റ്റ് ചെയ്താല്‍ തെളിവാകില്ലെന്നും രക്തസാമ്പിളിന്റെ പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി മറ്റൊരു കേസില്‍ നിര്‍ദേശിച്ചിരുന്നു.

ഈ കേസില്‍ തുടക്കംമുതല്‍ പോലീസ് പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിയമ വിദഗ്ധരുടെ അഭിപ്രായപ്രകടനം.

പോലീസ് ആക്ട് 51 (എ) ചുമത്തുന്നത് പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വകുപ്പില്‍ ഉള്‍പ്പെട്ടതാണ്.

ഈ കേസില്‍ അക്കാര്യം ആദ്യമേ തന്നെ തെളിഞ്ഞുകഴിഞ്ഞെന്ന് മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ ബോധപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കാന്‍ ആലോചിക്കേണ്ടതില്ല. 304 (എ) പ്രകാരം അലക്ഷ്യമായി വാഹനമോടിച്ച് ജീവഹാനി വരുത്തുന്ന സംഭവത്തില്‍ രണ്ടുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാം.

എന്നാല്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പായ 304 പ്രകാരം പത്തുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാം.

സംഭവസ്ഥലത്തുവച്ചുതന്നെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച വ്യക്തി എന്ന നിലയില്‍ ജാമ്യം നല്‍കിയാല്‍ ഇയാള്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന അഭിപ്രായമാണ് അഡ്വ. രാംകുമാര്‍ പ്രകടിപ്പിക്കുന്നത്.

ഐ.എ.എസ്. പദവിയിലിരിക്കുന്ന പൊതുജന സേവകന്‍ കടമ മറന്ന് അശ്രദ്ധയോടെ അലക്ഷ്യമായി നടത്തിയ നരഹത്യയായിവേണം ഇതിനെ കാണാന്‍.

എന്നാല്‍, ഉന്നത ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പോലീസ് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നു.

CLICK TO FOLLOW UKMALAYALEE.COM