ശ്രീറാമിന്റെ ജാമ്യം തുടരും; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി
Wednesday 14 August 2019 1:54 AM UTC

കൊച്ചി Aug 14: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാനുള്ള പരിശോധന വൈകിയത് പോലീസ് ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു.
രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നെന്നതിനു തെളിവില്ലാത്തതിനാല്‍ 304-ാം വകുപ്പ് പ്രകാരമുള്ള കേസ് നിലനില്‍ക്കുമെന്നു പറയാനാകില്ല.
പോലീസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും തൊഴിലില്‍ വൈദഗ്ധ്യം കാണിച്ചില്ലെന്നും കോടതി പറഞ്ഞു.
അപകടങ്ങള്‍ സംബന്ധിച്ച് പാലിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച് പോലീസിന് മാര്‍ഗനിര്‍ദേശം നല്‍കണം.
മജിസ്ട്രേറ്റ്കോടതി ജാമ്യം നല്കിയതിനാല് പ്രതിയെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.
ശ്രീറാം മദ്യപിച്ചിരുന്നെന്ന സാക്ഷിമൊഴികളില്‍ കൂടുതല്‍ വിവരം കണ്ടെത്താനായി കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന വാദം കോടതി തള്ളി. ഈയൊരു കാരണം മാത്രം പരിഗണിച്ച് ജാമ്യം റദ്ദാക്കാനാകില്ല.
പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നയാളുടെ വൈദ്യപരിശോധന നടത്താന്‍ വൈകിയതു ഗുരുതര വീഴ്ചയാണ്. രക്തത്തിലെ മദ്യത്തിന്റെ അംശം തെളിയിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ചുമത്തിയിട്ടുള്ള കുറ്റം നിലനില്‍ക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നത് തെളിയിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടതും വിമര്‍ശനത്തിനിടയാക്കി.
പോലീസിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം പാഴാക്കാനാവില്ല.
സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്താണെന്ന് കോടതി മുന്‍പ് ആരാഞ്ഞിരുന്നു. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഹര്‍ജി പരിഗണിച്ചത്.
CLICK TO FOLLOW UKMALAYALEE.COM