ശീതസമരം രൂക്ഷം: സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകാതെ ബി.ജെ.പി
Friday 15 March 2019 2:11 AM UTC

തിരുവനന്തപുരം March 15 : ശീതസമരം രൂക്ഷമായതോടെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയിലെ യുവനിര. കെ. സുരേന്ദ്രനും എം.ടി. രേമശും അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തെ നിലപാടറിയിച്ചു.
അനുകൂല സാഹചര്യം മുതലാക്കാനാകാത്തതില് പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന ബി.ജെ.പിലെ ഗ്രൂപ്പുപോരില്‍ എന്‍.ഡി.എ. ഘടകകക്ഷികളും ആര്.എസ്.എസും അതൃപ്തി വ്യക്തമാക്കി.
ഇതോടെ, ദേശീയ നേതൃത്വം മൂന്നു ദിവസത്തിനകം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക.
ശബരിമല വിഷയം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മനുഷ്യാവകാശത്തിന്റെ കൂടി പ്രശ്നമാണെന്നും മുരളീധര്‍ റാവു പറഞ്ഞു. അയോധ്യ പ്രശ്നമടക്കം പല കാര്യങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും ഇതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം (കുമ്മനം രാജശേഖരന്), കോട്ടയം (പി.സി. തോമസ്) ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഏകാഭിപ്രായത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞിരുന്നില്ല.
പാലക്കാട് ശോഭാ സുരേന്ദ്രന് സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും വി. മുരളീധരവിഭാഗം സി. കൃഷ്ണകുമാറിന്റെ പേരുമായി എത്തി. തിരുവനന്തപുരം മോഹിച്ചിരുന്ന ശ്രീധരന് പിള്ള ഇപ്പോള്‍ പത്തനംതിട്ട വേണമെന്ന നിലപാടിലാണ്.
ബി.ജെ.പി. സാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണു സുരേന്ദ്രന്റെ തീരുമാനം. തൃശൂര്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കായി അമിത് ഷാ കണ്ടുവച്ചിരിക്കുന്ന മണ്ഡലമാണ്.
വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്നാണ് എം.ടി. രമേശ് നേതൃത്വത്തെ അറിയിച്ചത്.
ഗ്രൂപ്പുപോര് കലശലായതോടെ വോട്ട് മറിക്കലുണ്ടാകുമെന്ന ആശങ്ക ശക്തമായി. ഇതിനു തടയിടാന്‍ തെരഞ്ഞെടുപ്പുചുമതല ആര്.എസ്.എസിനെ ഏല്‍പ്പിച്ചേക്കും.
തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന നേതാക്കളില്‍ പലരുടെയും തല ഉരുളുമെന്ന സന്ദേശവും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്.
CLICK TO FOLLOW UKMALAYALEE.COM