ശശി തരൂരിന്‌ കെ.പി.സി.സി. നോട്ടീസ്‌; നടപടി പിന്നാലെ – UKMALAYALEE

ശശി തരൂരിന്‌ കെ.പി.സി.സി. നോട്ടീസ്‌; നടപടി പിന്നാലെ

Wednesday 28 August 2019 5:45 AM UTC

തിരുവനന്തപുരം: എല്ലാക്കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നതു ശരിയല്ലെന്ന പ്രസ്‌താവനയെക്കുറിച്ചു ശശി തരൂര്‍ എം.പിയോടു കെ.പി.സി.സി. വിശദീകരണം തേടി.
മോഡി അനുകൂലനിലപാടിനു കാരണമെന്തെന്നും അതു പാര്‍ട്ടി വേദിയില്‍ പറയുന്നതിനു പകരം പരസ്യമാക്കിയത്‌ എന്തുകൊണ്ടാണെന്നും വിശദീകരിക്കണമെന്നു തരൂരിനു നല്‍കിയ നോട്ടീസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ റിപ്പോര്‍ട്ട്‌ ഹൈക്കമാന്‍ഡിന്‌ അയച്ച്‌ നടപടിയെടുപ്പിക്കാനാണു നീക്കം.

രാജ്യം വലിയ തകര്‍ച്ചയില്‍ക്കൂടി കടന്നുപോകുമ്പോള്‍ അതിനു കാരണക്കാരനായ പ്രധാനമന്ത്രിയെ ന്യായീകരിച്ചതു ദൗര്‍ഭാഗ്യകരമാണെന്നും തരൂരിന്റെ നിലപാട്‌ കോണ്‍ഗ്രസിന്റെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണെന്നും നോട്ടീസില്‍ പറയുന്നു.

ഉപതെരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തില്‍ തരൂരിന്റെ പ്രസ്‌താവന കോണ്‍ഗ്രസിനു ദോഷകരമാണെന്നു സംസ്‌ഥാനനേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ മോഡി വിരുദ്ധനിലപാട്‌ യു.ഡി.എഫ്‌. വിജയത്തില്‍ പ്രധാനഘടകമായിരുന്നു.

മോഡി വിരുദ്ധ വോട്ട്‌ നേടി ജയിച്ചയാള്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചതു തിരിച്ചടിയാകും.

തരൂരിനെതിരേ ശക്‌തമായ നടപടി വേണമെന്നും സംസ്‌ഥാനനേതൃത്വം ആവശ്യപ്പെടുന്നു. എന്നാല്‍, തരൂരിന്റെ നിലപാടില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരും പാര്‍ട്ടിയിലുണ്ട്‌. തരൂരും ജയ്‌റാം രമേശും മോഡിയെ ന്യായീകരിച്ചിട്ടില്ല.

നല്ലതു ചെയ്‌താല്‍ അംഗീകരിക്കണമെന്നാണു പറഞ്ഞത്‌. ആ നിലപാടിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നു തരൂര്‍ അനുകൂലികള്‍ പറയുന്നു.

കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും രണ്ടാംനിരനേതാക്കളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി. തന്ത്രം മെനയുമ്പോള്‍ തരൂരിനെതിരായ നീക്കം ഗുണം ചെയ്യില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

CLICK TO FOLLOW UKMALAYALEE.COM