ശബരിമല സ്‌ത്രീപ്രവേശം: നിലപാട്‌ കടുപ്പിച്ച്‌ എന്‍.എസ്‌.എസ്‌ – UKMALAYALEE

ശബരിമല സ്‌ത്രീപ്രവേശം: നിലപാട്‌ കടുപ്പിച്ച്‌ എന്‍.എസ്‌.എസ്‌

Saturday 6 October 2018 3:29 AM UTC

കോട്ടയം Oct 6 : ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാരുമായി ഇടഞ്ഞ എന്‍.എസ്‌.എസിനെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും നീക്കമാരംഭിച്ചു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ളയും ചങ്ങനാശേരി, പെരുന്നയിലെ എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി.

ആദ്യം ശ്രീധരന്‍ പിള്ളയാണു പെരുന്നയിലെത്തിയത്‌. അദ്ദേഹം മടങ്ങിയതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയുമെത്തി.

ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ അതേപടി തുടരണമെന്നു വാദിക്കുന്ന എന്‍.എസ്‌.എസ്‌. സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

ശബരിമലയില്‍ എല്ലാ സ്‌ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കോടതി വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും സുകുമാരന്‍ നായര്‍ ഇന്നലെ വ്യക്‌തമാക്കി.

ഇതിനു പിന്നാലെയാണു ശ്രീധരന്‍ പിള്ളയും ഉമ്മന്‍ ചാണ്ടിയും പെരുന്നയിലെത്തിയത്‌. കോടതി വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട്‌ നിരാശാജനകമാണെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്‌താവന.

കോടതി വിധിയെ തുടക്കത്തില്‍ ആര്‍.എസ്‌.എസും ചില കോണ്‍ഗ്രസ്‌ നേതാക്കളും സ്വാഗതം ചെയ്‌തിരുന്നു. വിശ്വാസികളുടെ വികാരം തിരിച്ചറിഞ്ഞ്‌ ഇരുകൂട്ടരും പിന്നീടു മലക്കംമറിഞ്ഞു. ഇതിനോടകം വിധിക്കെതിരേ എന്‍.എസ്‌.എസ്‌. രംഗത്തുവന്നിരുന്നു.

കരയോഗങ്ങള്‍ മുഖേന അറിയിപ്പു ലഭിച്ചതോടെ വലിയൊരു വിഭാഗം സമുദായാംഗങ്ങള്‍ വിധിക്കെതിരായ പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്നു. ഇതോടെയാണു ബി.ജെ.പിയും കോണ്‍ഗ്രസും കോടതിവിധിയെ തള്ളിപ്പറഞ്ഞത്‌.

പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പന്തളത്തു നടന്ന നാമജപഘോഷയാത്ര ജനബാഹുല്യംകൊണ്ട്‌ രാഷ്‌ട്രീയനേതൃത്വങ്ങളെ അമ്പരപ്പിച്ചു.

വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിലും എന്‍.എസ്‌.എസിന്റെ പിന്തുണയാണു പരിപാടി വിജയിപ്പിച്ചതെന്നു കോണ്‍ഗ്രസും ബി.ജെ.പിയും വിലയിരുത്തുന്നു.

ഹിന്ദുസ്‌ത്രീകളില്‍ ബഹുഭൂരിപക്ഷവും കോടതി വിധിക്കെതിരാണെന്നതും പ്രതിപക്ഷത്തെ ജാഗരൂകരാക്കി. എന്നാല്‍, ശബരിമലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന അവകാശവാദവുമായി സ്‌ത്രീപിന്തുണ ആര്‍ജിക്കുകയാണു സി.പി.എമ്മിന്റെ മറുതന്ത്രം.

CLICK TO FOLLOW UKMALAYALEE.COM