ശബരിമല സ്ത്രീപ്രവേശന വിഷയം: സര്‍ക്കാര്‍ സത്യവാങ്മൂലവുമായി വീടുകളില്‍ കയറാന്‍ സിപിഎം – UKMALAYALEE

ശബരിമല സ്ത്രീപ്രവേശന വിഷയം: സര്‍ക്കാര്‍ സത്യവാങ്മൂലവുമായി വീടുകളില്‍ കയറാന്‍ സിപിഎം

Wednesday 24 October 2018 1:29 AM UTC

തിരുവനന്തപുരം Oct 24: ശബരിമല വിഷയത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടുകയാണ് സര്‍ക്കാര്‍. വിശ്വാസികളെ അനുനയിപ്പിക്കാന്‍ സത്യവാങ്മൂലവുമായി വീടുകളിലേക്ക്.

യുവതിപ്രവേശ വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം സാക്ഷിയാക്കി വിശദീകരിക്കാനാണു പാര്‍ട്ടി തീരുമാനം.

സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീകളടക്കം എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ പകര്‍പ്പും വിതരണം ചെയ്യാന്‍ ആലോചനയുണ്ട്.

അടുത്തമാസം ആദ്യമാണു സംസ്ഥാന വ്യാപകമായി ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുക. സര്‍ക്കാര്‍ എടുത്തുചാട്ടം കാണിച്ചെന്ന പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ അനുനയത്തിന്റെ ഭാഷയിലേക്കു പാര്‍ട്ടിയും സര്‍ക്കാരും മാറിയിട്ടുണ്ട്.

യുവതിപ്രവേശ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് ഹിന്ദുധര്‍മ ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുള്ളവര്‍, അഴിമതിരഹിത പ്രതിച്ഛായയുള്ളവര്‍, സാമൂഹിക പരിഷ്‌കരണ രംഗത്തു സജീവമായവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിഷനെ നിയോഗിച്ചു തെളിവെടുപ്പു നടത്തണമെന്നു വിഎസ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ സത്യവാങ്മൂലത്തില്‍ നാലാമത്തെ ഖണ്ഡികയിലൂടെ സര്‍ക്കാര്‍ ബോധിപ്പിച്ചുവെന്നാണു പാര്‍ട്ടി വിശദീകരിക്കാന്‍ പോകുന്നത്. അതേ സത്യവാങ്മൂലമാണ് ഇത്തവണയും നല്‍കിയത്.

സ്ത്രീകള്‍ക്കു തുല്യാവകാശം ലഭിക്കണമെന്ന വാദത്തോടു സര്‍ക്കാരിനു യോജിപ്പാണ്. എന്നാല്‍, ശബരിമല വിഷയത്തില്‍ നിലവില്‍ പ്രത്യേക സംവിധാനമുണ്ട്.

അതില്‍ മാറ്റം വരുത്തണമെങ്കില്‍ വിദഗ്ധരടങ്ങിയ കമ്മിഷന്‍ വേണമെന്നും സര്‍ക്കാര്‍ വാദിച്ചുവെന്നും വിശദീകരിക്കും.

ശബരിമല യുവതീപ്രവേശനം പാടില്ലെന്ന് ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തു ഹൈക്കോടതി വിധിച്ചപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാതെ ആ വിധി നടപ്പാക്കുകയാണു ചെയ്‌തെന്നതും ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ വിശദീകരിക്കും.

CLICK TO FOLLOW UKMALAYALEE.COM