ശബരിമല സയന്‍സ്‌ മ്യൂസിയമല്ല; മൂന്നര മണിക്കൂര്‍ തീപാറിയ വാദത്തിന്റെ വിശദാംശങ്ങള്‍ – UKMALAYALEE

ശബരിമല സയന്‍സ്‌ മ്യൂസിയമല്ല; മൂന്നര മണിക്കൂര്‍ തീപാറിയ വാദത്തിന്റെ വിശദാംശങ്ങള്‍

Friday 8 February 2019 2:20 AM UTC

NEW DELHI Feb 8: വിശ്വാസവുമായി ബന്ധപ്പെട്ടാണ്‌ ശബരിമലയില്‍ യുവതികള്‍ക്കു നിയന്ത്രണമുള്ളത്‌. തര്‍ക്കമില്ലാതെ നൂറ്റാണ്ടുകളായി തുടര്‍ന്ന ആചാരമാണ്‌ അത്‌. സതി പോലെ, ക്രിമിനല്‍ കുറ്റമല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുത്‌.

വിധിയെത്തുടര്‍ന്ന്‌ കേരളത്തിലെ സാമൂഹികാന്തരീക്ഷം തകര്‍ന്നു. കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോ?

ശബരിമലയില്‍ പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ചുള്ള സെപ്‌റ്റംബര്‍ 28 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്നതു തീപാറുന്ന വാദങ്ങള്‍.

വിധിയെ പിന്തുണയ്‌ക്കുകയും വിധി നടപ്പാക്കുന്നതിന്‌ കഴിഞ്ഞ മണ്ഡലക്കാലത്തടക്കം ശക്‌തമായി ഇടപെടല്‍ നടത്തുകയും ചെയ്‌ത സംസ്‌ഥാന സര്‍ക്കാര്‍ നിലപാട്‌ ആവര്‍ത്തിച്ചു.

നേരത്തേ വാദിച്ചപ്പോഴുണ്ടായ അതേ നിലപാടാണ്‌ ദേവസ്വം ബോര്‍ഡ്‌ ഒഴികെയുള്ളവര്‍ ആവര്‍ത്തിച്ചത്‌. ബോര്‍ഡ്‌ പഴയ കാഴ്‌ചപ്പാട്‌ തിരുത്തി യുവതീപ്രവേശത്തെ അനുകൂലിച്ചു.

നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍.എസ്‌.എസ്‌.- അഡ്വ. കെ. പരാശരന്‍)

സെപ്‌റ്റംബര്‍ 28-ലെ വിധിയില്‍ തൊട്ടുകൂടായ്‌മയെ നിര്‍വചിച്ച രീതി തെറ്റ്‌. ജാതിയുടെ അടിസ്‌ഥാനത്തിലുള്ള അയിത്തം/തൊട്ടുകൂടായ്‌മയാണു ഭരണഘടനയുടെ 17-ാം അനുഛേദത്തില്‍ പറയുന്നത്‌.

ശബരിമലയില്‍ യുവതികള്‍ക്കുള്ള നിയന്ത്രണം അത്തരത്തിലുള്ളതല്ല. (അയിത്തത്തിന്റെ മാത്രം അടിസ്‌ഥാനത്തിലായിരുന്നില്ല വിധിയെന്ന്‌ ജസ്‌റ്റിസ്‌ ആര്‍.എഫ്‌. നരിമാന്റെ പ്രതികരണം)

മതേതര വിഭാഗത്തിലുള്ള എല്ലാ പൊതു സ്‌ഥാപനങ്ങളുമാണ്‌ 15-ാം അനുഛേദം പ്രകാരം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്ത്‌. മതപരമായ പൊതു സ്‌ഥാപനങ്ങള്‍ അക്കൂട്ടത്തില്‍പ്പെടില്ല. ഈ വകുപ്പിന്റെ അടിസ്‌ഥാനത്തില്‍ ക്ഷേത്രാചാരം അസാധുവാക്കുന്നത്‌ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കും.

മതാചാരങ്ങളുടെ യുക്‌തി പരിശോധിക്കരുതെന്നു ബിജോയ്‌ ഇമ്മാനുവേല്‍ കേസില്‍ (യഹോവയുടെ സാക്ഷികള്‍) സുപ്രീം കോടതി വിധിച്ചതാണ്‌. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധമാണെങ്കില്‍ മാത്രമേ കോടതികള്‍ ഇടപെടാവൂ.

ശബരിമല കേസ്‌ ഒരു ഉഭയകക്ഷിത്തര്‍ക്കമല്ല, വിധി മറ്റു മതങ്ങളിലും പ്രത്യാഘാതമുണ്ടാക്കും.

കണ്‌ഠര്‌ രാജീവര്‌ (തന്ത്രി- അഡ്വ. വി. ഗിരി)

ദേവതാ സങ്കല്‍പ്പത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടതാണ്‌ ശബരിമലയില്‍ യുവതികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. അതിനു തൊട്ടുകൂടായ്‌മയുമായി ബന്ധമില്ല. പ്രതിഷ്‌ഠയുടെ നൈഷ്‌ഠിക ബ്രഹ്‌മചര്യ സ്വഭാവമാണ്‌ ഇവിടുത്തെ പ്രത്യേകത. സ്‌ത്രീകളെ അപ്പാടെ വിലക്കിയിട്ടില്ല.

ആരാധനാലയങ്ങളില്‍ പോകുന്നത്‌ പ്രതിഷ്‌ഠയെ ചോദ്യം ചെയ്യാന്‍ വേണ്ടിയാകരുത്‌. പ്രാര്‍ത്ഥിക്കാനായി എത്തുന്നവര്‍ പ്രതിഷ്‌ഠയുടെ സങ്കല്‍പ്പം അംഗീകരിക്കണം. യുവതികള്‍ക്കുള്ള വിലക്ക്‌ ശബരിമലയിലെ ആചാരത്തിന്റെ അവിഭാജ്യ ഘടകം.

മതപരമായ കാര്യങ്ങളില്‍ തന്ത്രിക്കു പ്രത്യേക അവകാശങ്ങളുണ്ട്‌.

ഭരണഘടനാ ധാര്‍മികതയെന്ന ആശയം ഭരണഘടനയിലുള്ളതല്ല. അതു കോടതികളിലൂടെ സൃഷ്‌ടിക്കപ്പെട്ടതാണ്‌.

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍  (ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ – അഡ്വ. അഭിഷേക്‌ മനു സിങ്‌വി

ഹിന്ദുമതത്തില്‍ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമാണു ദൈവങ്ങളെ ആരാധിക്കുന്നത്‌. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും പൂജകളും നിശ്‌ചയിക്കുന്നത്‌ അതിന്റെ അടിസ്‌ഥാനത്തിലാണ്‌.

അതു കണക്കിലെടുത്താല്‍ എല്ലാ വൈരുധ്യവും പരിഹരിക്കപ്പെടും.ശബരിമലയിലെ പ്രതിഷ്‌ഠ നൈഷ്‌ഠിക ബ്രഹ്‌മചാരീ ഭാവത്തിലാണെന്നതു പരിഗണിക്കാതെയായിരുന്നു സെപ്‌റ്റംബറിലെ വിധി.

വിശ്വാസ സംബന്ധമായ പല കാര്യങ്ങളും യുക്‌തിസഹമല്ല. യുക്‌തി കൊണ്ട്‌ അളക്കാന്‍ ശബരിമല സയന്‍സ്‌ മ്യൂസിയമല്ല. രാജ്യത്തു നിരവധി ആചാരങ്ങളുണ്ട്‌. അതെല്ലാം ഭരണഘടന വച്ച്‌ അളക്കാവുന്നതല്ല.

ശബരിമല വിഷയത്തില്‍ കോടതി സ്വീകരിച്ച ഭരണഘടനാ നീതിബോധമെന്ന മാനദണ്ഡം കൃത്യമായി നിര്‍വചിക്കപ്പെട്ടതല്ല. ഓരോ വിഷയത്തിലും അതു പ്രയോഗിക്കുന്നത്‌ ആലോചിച്ചാകണം; മതപരമായ കാര്യങ്ങളില്‍ പ്രത്യേകിച്ചും.

ഭരണഘടനാ ധാര്‍മികത പ്രയോഗിക്കുമ്പോള്‍ ഭക്‌തരുടെ വശം കൂടി പരിഗണിക്കണം.

ഏറ്റവുമധികം വൈവിധ്യങ്ങളടങ്ങിയതാണു ഹിന്ദുമതം. അതില്‍ അനിവാര്യമായ ആചാരം തെരഞ്ഞുപോകുന്നതു ശരിയായ സമീപനമാകില്ല.

ബ്രാഹ്‌മണസഭ, ആചാരസംരക്ഷണ വേദി (അഡ. ശേഖര്‍ നാഫ്‌ഡെ)

ഇതു പൊതു നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല, ഒരു വിഭാഗത്തിന്റെ ആഭ്യന്തരകാര്യമാണ്‌. അനിവാര്യമായ മതാചാരം ഏതെന്നു നിശ്‌ചയിക്കേണ്ടത്‌ അതിലെ അംഗങ്ങളാണ്‌. മാറ്റം വേണോ എന്നു തീരുമാനിക്കേണ്ടതു വിശ്വാസികളാണ്‌, ഏതാനും ആക്‌ടിവിസ്‌റ്റുകളല്ല.

വിശ്വാസവുമായി ബന്ധപ്പെട്ടാണ്‌ ശബരിമലയില്‍ യുവതികള്‍ക്കു നിയന്ത്രണമുള്ളത്‌. തര്‍ക്കമില്ലാതെ നൂറ്റാണ്ടുകളായി തുടര്‍ന്ന ആചാരമാണ്‌ അത്‌. സതി പോലെ, ക്രിമിനല്‍ കുറ്റമല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുത്‌.

വിധിയെത്തുടര്‍ന്ന്‌ കേരളത്തിലെ സാമൂഹികാന്തരീക്ഷം തകര്‍ന്നു. കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോ?

അഡ്വ. വെങ്കിട്‌രമണി

ശബരിമലയിലെ നിയന്ത്രണം ആചാരമാണ്‌. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക്‌ അന്ധവിശ്വാസമായിരിക്കാം. എന്നാല്‍ ആചാരം എന്തെന്ന്‌ കോടതി തീരുമാനിക്കരുത്‌. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും.

കേരള ഹൈക്കോടതി ഇപ്പോഴും ദേവപ്രശ്‌നത്തിനു പ്രാധാന്യം നല്‍കിയാണ്‌ ആചാരപരമായ കാര്യങ്ങള്‍ തീരുമാനം പറയുന്നത്‌. ആചാരം മാറ്റണമെങ്കില്‍ ദേവപ്രശ്‌നം നടത്തണം.

ആചാരസംരക്ഷണത്തിനു വേണ്ടി അഡ്വ. മോഹന്‍ പരാശരന്‍, അഡ്വ. വി.കെ. ബിജു, ഗോപാല്‍ ശങ്കരനാരായണന്‍, സായി ദീപക്‌…

രണ്ടു ഭരണഘടനാ ബെഞ്ചുകളുടെ വിധികളില്‍ വൈരുധ്യമുണ്ട്‌. പുട്ടസ്വാമി കേസില്‍ (ആധാര്‍) വ്യക്‌തികളുടെ അവകാശങ്ങളേക്കാള്‍ സമൂഹത്തിന്റെ താല്‍പ്പര്യത്തിനു പ്രാധാന്യം നല്‍കി. ശബരിമല കേസില്‍ വ്യക്‌തികളുടെ അവകാശങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി.

അയ്യപ്പഭക്‌തരില്‍ വിവിധ മതസ്‌ഥരുണ്ടെന്നത്‌ അവരെ പ്രത്യേക വിഭാഗമായി അംഗീകരിക്കാതിരിക്കാന്‍ മതിയായ കാരണമല്ല. തന്ത്രിയുടെ സത്യവാങ്‌മൂലത്തിലെ വസ്‌തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചു.

ലിംഗപരമായ വ്യത്യാസങ്ങളില്‍ അധിഷ്‌ഠിതമായ ആചാരങ്ങള്‍ രാജ്യത്തു പല ആരാധനാലയങ്ങളിലുമുണ്ട്‌. ഭരണഘടനാ ബെഞ്ചിന്റെ വിധി അവ വിലയിരുത്തിയിട്ടായിരുന്നില്ല. ഒഴിവാക്കാന്‍ കഴിയാത്ത ആചാരമേതെന്ന കാര്യത്തില്‍ അതത്‌ വിഭാഗത്തിന്റെ അഭിപ്രായം സ്വീകരിക്കുകയാണു വേണ്ടത്‌.

സംസ്‌ഥാന സര്‍ക്കാര്‍ (അഡ്വ. ജയദീപ്‌ ഗുപ്‌ത)

പുനഃപരിശോധനയ്‌ക്കു മതിയായ കാരണങ്ങള്‍ ആരും നിരത്തിയിട്ടില്ല. പുനഃപരിശോധന വേണ്ട. ആചാരം മൗലികാവകാശങ്ങള്‍ക്കു വിധേയമാണ്‌. ആരെയും ഒഴിവാക്കാനാകില്ല; വിവേചനം പാടില്ല. ഇതാണ്‌ ഭരണഘടനയുടെ അടിസ്‌ഥാന തത്വം. ക്ഷേത്ര പ്രവേശനമാണ്‌ ഏറ്റവും വലിയ അവകാശം.

മതത്തിന്റേതായ അനിവാര്യ ആചാരവും ക്ഷേത്രത്തിന്റേതായ അനിവാര്യ ആചാരവും കൂട്ടിക്കുഴച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഏതെങ്കിലും മതത്തിന്റെ അനിവാര്യമായ ആചാരമല്ല ഇവിടെയുള്ള വിഷയം.

പല ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാരമുണ്ടാകുമെങ്കിലും അതു പരിഗണിച്ച്‌ ഓരോന്നിനെയും പ്രത്യേക വിശ്വാസവിഭാഗമെന്നു കണക്കാക്കാന്‍ കഴിയില്ല. അത്‌ അനിവാര്യമായ ആചാരമെന്ന വിഷയത്തെ സങ്കീര്‍ണമാക്കും.

പ്രത്യേക വിശ്വാസ വിഭാഗത്തിലാണെങ്കില്‍ മാത്രമേ അനിവാര്യമായ ആചാരം നിനില്‍ക്കൂ. തിരുപ്പതി, പുരി ജഗന്നാഥ ക്ഷേത്രങ്ങളെപ്പോലും പ്രത്യേക വിശ്വാസവിഭാഗമായി അംഗീകരിച്ചിട്ടില്ല.

വിവേചനവും തൊട്ടുകൂടായ്‌മയും പാടില്ലെന്നതു ഭരണഘടനയുടെ അടിസ്‌ഥാന മൂല്യങ്ങളാണ്‌. സമൂഹത്തിനിടയില്‍ സംഘര്‍ഷമുണ്ടായെന്ന വാദം ഭരണഘടനാപരമായ കാര്യങ്ങള്‍ നിശ്‌ചയിക്കുമ്പോള്‍ കോടതി പരിഗണിക്കേണ്ടതില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ (അഡ്വ. രാകേഷ്‌ ദ്വിവേദി

ഭരണഘടനാ ധാര്‍മികത സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ കാഴ്‌ചപ്പാടിനെ പിന്തുണയ്‌ക്കുന്നു. എല്ലാ ആചാരങ്ങളും ഭരണഘടനാനുസൃതമായിരിക്കണം. കാലം മുന്നോട്ടാണ്‌, അതനുസരിച്ച്‌ എല്ലാ മേഖലയിലും പരിഷ്‌കരണം വേണം.

മതപരമായ കാര്യങ്ങളില്‍ തുല്യ അവകാശം നിഷേധിക്കുന്ന ആചാരങ്ങള്‍ക്കു ഭരണഘടനയുടെ സംരക്ഷണമില്ല. മതാചാരത്തില്‍ എല്ലാ വ്യക്‌തികളും തുല്യരാണ്‌.

അതുറപ്പാക്കേണ്ടത്‌ ഭരണകൂടത്തിന്റെ കടമയാണ്‌. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിനു നിലനില്‍പ്പില്ല.

(ബോര്‍ഡിന്റെ നിലപാട്‌ മുമ്പ്‌ ഇതായിരുന്നല്ലല്ലോ എന്ന്‌ ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്രയുടെ ചോദ്യം.)

ഭരണഘടനാ ബെഞ്ചിന്റെ വിധി മാനിച്ചുകൊണ്ട്‌ നിലപാടു മാറ്റിയെന്നു ബോര്‍ഡിന്റെ മറുപടി.

ബിന്ദു, കനകദുര്‍ഗ… (അഡ്വ. ഇന്ദിര ജയ്‌സിങ്‌)

ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം കനകദുര്‍ഗയ്‌ക്കും ബിന്ദുവിനും വധഭീഷണി ഉണ്ടായി. ബിന്ദു ദളിത്‌ സ്‌ത്രീ. അവര്‍ ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തിയത്‌ തൊട്ടുകൂടായ്‌മ നിലനില്‍ക്കുന്നതിന്റെ ഉദാഹരണം.

രണ്ടുപേരും സാമൂഹിക ബഹിഷ്‌കരണം നേരിടുന്നു.ഭരണഘടനയ്‌ക്കു മുന്നിലുള്ള തുല്യതയാണു ചോദ്യംചെയ്യപ്പെടുന്നത്‌. വിധി എതിരായിരുന്നെങ്കില്‍ ഞങ്ങള്‍ അക്രമം നടത്തുമായിരുന്നില്ല.

ഭരണഘടനയിലെ എല്ലാ വകുപ്പുകളും ശബരിമലയ്‌ക്കും ബാധകം.

അതു പൊതുക്ഷേത്രമാണ്‌, കുടുംബക്ഷേത്രമല്ല. ക്ഷേത്രത്തില്‍ പോകാന്‍ എല്ലാ അധികാരവും ഭരണഘടന നല്‍കുന്നുണ്ട്‌. രേഷ്‌മ, ഷാനില എന്നിവര്‍ക്കു ശബരിമലയില്‍ പോകാന്‍ സുരക്ഷ തരണം. അതിനായി ഉത്തരവ്‌ ഇടണം.

അഡ്വ. പി.വി ദിനേശ്‌

10 വയസുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്‌മചര്യം തകര്‍ക്കുമെന്ന നിലപാട്‌ അംഗീകരിക്കാനാകില്ല. പുനഃപരിശോധന ഹര്‍ജി തന്നവരില്‍ ഭൂരിഭാഗവും വിധി നടപ്പാക്കുന്നതു തടഞ്ഞവര്‍.

CLICK TO FOLLOW UKMALAYALEE.COM