ശബരിമല വിഷയം സജീവമാക്കി രാഷ്ട്രീയ നേട്ടംകൊയ്യാന്‍ സംഘപരിവാര്‍ – UKMALAYALEE

ശബരിമല വിഷയം സജീവമാക്കി രാഷ്ട്രീയ നേട്ടംകൊയ്യാന്‍ സംഘപരിവാര്‍

Saturday 16 November 2019 5:17 AM UTC

ന്യൂഡല്‍ഹി Nov 16: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുന്നത് വിശാലബഞ്ചിന്റെ തീരുമാനത്തിന് ശേഷമെന്ന സുപ്രീംകോടതി ഉത്തരവ് സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനും ആശ്വാസത്തിനൊപ്പം സാധ്യതയുമാകുന്നു.

ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം നടപ്പാക്കാനുള്ള സുവര്‍ണാവസരം കൂടിയാകും ഈ കാലയളവ്. ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനും ആശ്വാസമായി.

കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന നിലയില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി തടിയൂരാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശന വിധിയെ ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്ത മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ പോലും പിന്നീടു വിധിക്കെതിരേ പ്രക്ഷോഭത്തിനിറങ്ങിയതും ഇതിലെ രാഷ്ട്രീയ സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു.

ഒരു കൊടിയുടേയും പിന്തുണയില്ലാതെ പന്തളത്ത് നടന്ന അയ്യപ്പ ഭക്ത കൂട്ടായ്മയിലെ ജനപങ്കാളിത്തം കണ്ട് അമ്പരന്ന പരിവാര്‍ നേതൃത്വം തുടര്‍ന്നു പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ശബരിമല കര്‍മ്മ സമിതിക്കും രൂപം നല്‍കി.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഊഴമിട്ട് കാവലിരുന്ന് ചെറുത്ത് തോല്‍പ്പിച്ചത് നേതൃത്വത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

സംസ്ഥാനത്തൊട്ടാകെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ വ്യാപകമായ രീതിയില്‍ കേസുകളും നിയമകുരുക്കുമുണ്ടായി. എന്നാല്‍, ഇതു രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ കെല്‍പ്പുള്ള നേതൃത്വം ബി.ജെ.പി. സംസ്ഥാന ഘടകത്തിനില്ലാതെ പോയതു പോരായ്മയായി.

ഉത്തരവുണ്ടാകുന്നതുവരെയുള്ള കാലയളവില്‍ മലചിവിട്ടാനെത്തുന്ന യുവതികളെ തടയുകയെന്നത് സംസ്ഥാന സര്‍ക്കാര്‍ ചുമതലയാണെന്ന നിലപാടിലേക്ക് മാറി സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും കുരുക്കുമുറുക്കാമെന്ന കണക്കുകൂട്ടലിലാണ് പരിവാര്‍ നേതൃത്വം.

ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതോടെ നിലവില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് നാഥനില്ല. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ഗ്രൂപ്പ് പോരിലും ആര്‍.എസ്.എസിന്റെ ഉടക്കിലും പെട്ട് ഫലവത്തായതുമില്ല.

അതേസമയം, െഹെന്ദവ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള കുമ്മനം രാജശേഖരനെ രംഗത്തിറക്കി ആചാര സംരക്ഷണ പരിപാടികള്‍ സജീവമാക്കുകയാവും പരിവാറിന്റെ തുടര്‍ പ്രവര്‍ത്തനം.

കഴിഞ്ഞ മണ്ഡലക്കാലത്തെ സംഘര്‍ഷവേളയില്‍ മിസോറാം ഗവര്‍ണറായിരുന്നു കുമ്മനത്തിന് ഇടപെടാന്‍ സാധിച്ചിരുന്നില്ല.

അന്നു പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള മറ്റൊരു മണ്ഡലക്കാലത്തിനു മുന്നോടിയായി മിസോറാം ഗവര്‍ണറായി ചുമതലയേറ്റന്നെത് മറ്റൊരു കൗതുകമാണ്. കഴിഞ്ഞ തവണ ശബരിമല പ്രക്ഷോഭം നയിച്ച കെ. സുരേന്ദ്രന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാകുമോയെന്നതും നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

വിശ്വാസവുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗത്തിലുംപെട്ട സ്ത്രീകളുടെ തുല്യനീതി വിഷയം വിശാല ബെഞ്ച് ഒരുമിച്ചു പരിഗണിക്കട്ടെയെന്ന സുപ്രീംകോടതിയുടെ നിലപാടു പൊതു വ്യക്തിനിമയത്തിലേക്കുള്ള ചുവടുവയ്പ്പാക്കാനും പരിവാര്‍ നേതൃത്വത്തിനു ലക്ഷ്യമുണ്ട്.

ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട പൊതുവ്യക്തിനിയമം രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കാനുള്ള നീക്കം ശക്തമാണ്.

വിശാല ബെഞ്ചിലെ വാദങ്ങളും വിധിയും അതുകൊണ്ട് തന്നെ കേന്ദ്ര നിലപാടിനേയും സ്വാധീനിക്കും. ദേശീയ മാധ്യമങ്ങളടക്കം അതീവ പ്രധാന്യത്തോടെയാണു ശബരിമല വിധി റിപ്പോര്‍ട്ട് ചെയ്തത്.

CLICK TO FOLLOW UKMALAYALEE.COM