ശബരിമല വിഷയം പ്രചരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കെ. സുരേന്ദ്രന്‍ – UKMALAYALEE

ശബരിമല വിഷയം പ്രചരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കെ. സുരേന്ദ്രന്‍

Tuesday 12 March 2019 3:13 AM UTC

തിരുവനന്തപുരം March 12: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കും വിധം ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിനെതിരെ ബി.ജെ.പി.

ശബരിമല വിഷയം പ്രചരണ വിഷയം ആക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല പോലെ സുപ്രീം കോടതി വിധി ബാധകമായ വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്നായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീം കോടതി വിധിക്ക് എതിരെയുള്ളതാകുമെന്നും സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ജാതി-മത പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതായി തെളിഞ്ഞാല്‍ ആ സ്ഥാനാര്‍ത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശിപാര്‍ശ ചെയ്യുന്നുണ്ട്.

മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ചട്ടപ്രകാരമാണ്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

CLICK TO FOLLOW UKMALAYALEE.COM