‘ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് വിധി നടപ്പാക്കിക്കൂടാ’: കാനം രാജേന്ദ്രന്‍ – UKMALAYALEE

‘ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് വിധി നടപ്പാക്കിക്കൂടാ’: കാനം രാജേന്ദ്രന്‍

Wednesday 18 September 2019 5:23 AM UTC

തിരുവനന്തപുരം Sept 18: മരട് ഫ്‌ളാറ്റില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിധി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പിന്നെന്തുകൊണ്ട് ഈ വിധിയും നടപ്പിലാക്കിക്കൂടാ എന്ന് കാനം ചോദിച്ചു.

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്.

മരട് ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്.

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്താക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അചുതാനന്ദന്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം. അവര്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവുകമായ എല്ലാവരും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്കാര്യം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്റ്റേ നേടിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും , പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയുന്നത്. സമൂഹത്തിലെ ചില വമ്പന്മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍

നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇവരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുണ്ടെന്നും വി.എസ് പറഞ്ഞു.

തീരദേശ സംരക്ഷണ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഈ മാസം 20 നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

തുടര്‍ന്ന് അഞ്ചു ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ഉടമകള്‍.

CLICK TO FOLLOW UKMALAYALEE.COM