ശബരിമല വിധി എന്തായാലും നവോത്ഥാന മൂല്യം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാന്‍ സി.പി.എം – UKMALAYALEE

ശബരിമല വിധി എന്തായാലും നവോത്ഥാന മൂല്യം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാന്‍ സി.പി.എം

Friday 8 February 2019 2:09 AM UTC

കോഴിക്കോട്‌ Feb 8 : പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കേരളീയ നവോത്ഥാനംതന്നെ മുഖ്യപ്രചാരണ വിഷയമാക്കാന്‍ സി.പി.എം. പദ്ധതി തയാറാക്കി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി എന്തുതന്നെയായാലും ശബരിമലയെ മുന്‍നിര്‍ത്തി കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ്‌ തീരുമാനം.

കേരളീയ നവോത്ഥാനം സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുകയാണു ലക്ഷ്യം.

സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന മൂല്യസംരക്ഷണ സമിതി മുസ്ലിം, ക്രിസ്‌ത്യന്‍ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്‌.

നവോത്ഥാന സന്ദേശമുയര്‍ത്തി നടന്ന വനിതാ മതിലില്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെമാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ ക്രിസ്‌ത്യന്‍, മുസ്ലിം സംഘടനകളില്‍നിന്നു പരാതിയുയര്‍ന്നിരുന്നു.

അവരെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണസമിതി വികസിപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഏകോപനമാണു സി.പി.എം. ലക്ഷ്യമിടുന്നത്‌.

സംഘപരിവാര്‍ രാഷ്‌ട്രീയത്തിനും ബി.ജെ.പിക്കും എതിരേ നിലപാടു സ്വീകരിക്കുന്ന ന്യൂനപക്ഷ സംഘടനകളെ നവോത്ഥാനത്തിന്റെ പേരില്‍ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ അതു യു.ഡി.എഫിനും തിരിച്ചടിയാകുമെന്നു സി.പി.എം. കണക്കുകൂട്ടുന്നു.

പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ പുതുതായി എത്തിയിട്ടുണ്ട്‌.

ഡോ. ഫസല്‍ ഗഫൂര്‍, കടയ്‌ക്കല്‍ അബ്‌ദുല്‍ അസീസ്‌ മൗലവി, തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞി മൗലവി, ഡോ.ഹുസൈന്‍ മടവൂര്‍, ഒ. അബ്‌ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍, ഡോ.ഐ.പി. അബ്‌ദുസ്സലാം, എം. അഹമ്മദ്‌ കുട്ടി മദനി, കെ.പി. മുഹമ്മദ്‌, പി അബ്‌ദുല്‍ ഹക്കിം ഫൈസി എന്നിവരാണു മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ചു സമിതിയിലെത്തിയത്‌.

മലബാറിലും മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും സ്വാധീനമുള്ള സംഘടനകളുടെ പ്രതിനിധികള്‍ ഇതിലുണ്ട്‌.

ക്രൈസ്‌തവ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ബിഷപ്‌ ധര്‍മരാജ്‌ റസാലം, ഫാ.യൂജിന്‍ പെരേര തുടങ്ങിയവരും എത്തുന്നതോടെ സമുദായസംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സി.പി.എമ്മിനു കഴിയും.

സംഘപരിവാര്‍ സംഘടനകളുടെ അയ്പ്പസയംഗമങ്ങളെ മറികടക്കാന്‍ മാര്‍ച്ച്‌ 10 മുതല്‍ 15 വരെ ജില്ലാതലങ്ങളില്‍ ബഹുജന സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചാണു സംഗമങ്ങള്‍. ഇതിനു മുന്നോടിയായി ഈ മാസം 12 മുതല്‍ 16 വരെ ജില്ലാതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും.

CLICK TO FOLLOW UKMALAYALEE.COM