ശബരിമല ബില്ലിനെ എതിര്‍ക്കാനും അനുകൂലിക്കാനുമാകാതെ ബി.ജെ.പി. വിഷമവൃത്തത്തില്‍ – UKMALAYALEE

ശബരിമല ബില്ലിനെ എതിര്‍ക്കാനും അനുകൂലിക്കാനുമാകാതെ ബി.ജെ.പി. വിഷമവൃത്തത്തില്‍

Monday 24 June 2019 1:38 AM UTC

ശബരിമല June 24: ബില്ലിനെ എതിര്‍ക്കാനും അനുകൂലിക്കാനുമാകാതെ ബി.ജെ.പി. വിഷമവൃത്തത്തില്‍, മോഡി സര്‍ക്കാരിന്റെ നിലപാടറിയാന്‍ ആകാംക്ഷ; മുന്‍നിലപാടുകളില്‍ ഒളിച്ചോടി സി.പി.എം.

ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും ശബരിമല വിഷയത്തില്‍ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എന്‍.എസ്‌.എസ്‌. ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.

ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവന്‍ പിന്തുണയും നേടാനായില്ലെന്നു ബി.ജെ.പി. തിരിച്ചറിഞ്ഞതു വൈകിയാണ്‌.

ശബരിമല ആചാരസംരക്ഷണ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതോടെ നിലപാടു വ്യക്‌തമാക്കാന്‍ ബി.ജെ.പി. നിര്‍ബന്ധിതമായി.

വിശ്വാസസംരക്ഷണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അവസരത്തിലും കോടതിയില്‍ കേസ്‌ നിലവിലുണ്ടെന്നു പറഞ്ഞ്‌ രക്ഷപെടാനുള്ള ശ്രമത്തിലാണ്‌ ബി.ജെ.പി.

ആചാരലംഘനത്തിനു ശാശ്വതപരിഹാരമെന്ന ആവശ്യത്തോടു ബി.ജെ.പി. ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നു സമുദായസംഘടനകള്‍ക്കും പരാതിയുണ്ടായിരുന്നു.

അതിന്റെ പശ്‌ചാത്തലത്തില്‍ ബില്ലിനു കൂടുതല്‍ ശ്രദ്ധ ലഭിച്ചു. യു.ഡി.എഫിന്റെ ആശീര്‍വാദത്തോടെയാണ്‌ സ്വകാര്യ ബില്‍. ലോക്‌സഭയില്‍ 25 ന്‌ സ്വകാര്യബില്ലുകള്‍ നറുക്കിടുമ്പോള്‍ ഇതിനു ചര്‍ച്ചാ അനുമതി ലഭിക്കുമോ എന്നറിയാം.

അനുമതി ലഭിച്ചാല്‍ ജൂലൈ 12 ന്‌ ചര്‍ച്ചയ്‌ക്കെടുക്കും.

ഇതിനിടെ ബി.ജെ.പി. സംസ്‌ഥാനനേതാക്കള്‍ ശബരിമല നിയമനിര്‍മാണത്തിനു കേന്ദ്രത്തില്‍ സമ്മര്‍ദം തുടങ്ങി.

വിശ്വാസികളില്‍ ഒരുവിഭാഗത്തിനു ബി.ജെ.പിയുടെ ആദ്യനിലപാടില്‍ സംശയമുണ്ടായതിനാലാണ്‌ തെരഞ്ഞെടുപ്പില്‍ എല്ലാ വിശ്വാസി വോട്ടുകളും സമാഹരിക്കാനാകാതിരുന്നതെന്നാണ്‌ അവരുടെ വിലയിരുത്തല്‍.

നിയമനിര്‍മാണം കൊണ്ടുവരുമെന്ന നിലപാടെടുത്ത യു.ഡി.എഫ്‌. ശബരിമലയില്‍ ശാശ്വതപരിഹാരത്തിനു മുന്നിട്ടിറങ്ങുമെന്നു വ്യക്‌തമാക്കിയിരുന്നു.

ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും ശബരിമല വിഷയത്തില്‍ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എന്‍.എസ്‌.എസ്‌. ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.

ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവന്‍ പിന്തുണയും നേടാനായില്ലെന്നു ബി.ജെ.പി. തിരിച്ചറിഞ്ഞതു വൈകിയാണ്‌.

പ്രേമചന്ദ്രന്റെ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന്‌ ബി.ജെ.പി. നേതാവ്‌ കുമ്മനം രാജശേഖരന്‍ നിലപാടെടുത്തത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാല്‍, കോടതിവിധി വന്നശേഷം ബില്‍ പരിഗണിക്കാമെന്ന നിലപാടിലേക്കു കേന്ദ്രം നീങ്ങിക്കൂടെന്നില്ല.

പ്രധാനമന്ത്രി അടക്കം തെരഞ്ഞെടുപ്പുവേളയില്‍ ശബരിമലയിലൂന്നി പ്രസംഗിച്ചിരുന്നു. അതിനാല്‍ അവിടെ നിയമപരിരക്ഷയോടെ വിശ്വാസസംരക്ഷണം ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ട്‌.

ശബരിമല ശ്രീധര്‍മശാസ്‌താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019 എന്ന പേരിലാണ്‌ സ്വകാര്യബില്‍ അവതരിപ്പിച്ചത്‌. ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത്‌ പാരമ്പര്യ രീതികള്‍ കൂടി കണക്കിലെടുത്താകണം എന്നാണ്‌ ബില്ലിന്റെ രത്‌നച്ചുരുക്കം.

2018 സെപ്‌റ്റംബര്‍ ഒന്നിനു മുമ്പത്തെ സ്‌ഥിതി ശബരിമലയില്‍ തുടരണമെന്നും ബില്ലില്‍ വ്യവസ്‌ഥ ചെയ്യുന്നു.
സ്വകാര്യബില്‍ അവതരണത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു ബി.ജെ.പി. എം.പി. മീനാക്ഷിലേഖി കഴിഞ്ഞദിവസം ലോക്‌സഭയില്‍ സംസാരിച്ചതു പാര്‍ട്ടി നിലപാടിലേക്കു വിരല്‍ചൂണ്ടുന്നതായി.

സമഗ്ര നിയമനിര്‍മാണത്തിലൂടെ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ലേഖിയുടെ വാദം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍ക്കാനും അനുകൂലിക്കാനുമാകാതെ ബി.ജെ.പി. വിഷമവൃത്തത്തിലാണ്‌.

അതിനാല്‍ സാങ്കേതികത്വത്തിലൂന്നി ഉഴപ്പുന്നതായാണ്‌ പ്രേമചന്ദ്രന്റെ കുറ്റപ്പെടുത്തല്‍. സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ മാത്രമേ ബില്ലിനു പ്രസക്‌തിയുള്ളൂ എന്ന വാദവും അദ്ദേഹം നിരാകരിക്കുന്നു.

മറുവശത്ത്‌ ശബരിമലയില്‍ ആചാരങ്ങള്‍ മാറ്റണമെന്നു വാദിച്ച്‌ പുലിവാലു പിടിച്ച ഇടതുപക്ഷത്തിനു തിരിച്ചടി വന്നപ്പോഴാണ്‌ കണ്ണുതുറന്നത്‌.

മുഖ്യമന്ത്രിയെ തള്ളി പാര്‍ട്ടി കേന്ദ്രകമ്മിറ്റി ശബരിമലയാണ്‌ തോല്‍വിയുടെ പ്രധാനകാരണമെന്നു നിലപാടെടുത്തതോടെ സംസ്‌ഥാനനേതൃത്വത്തിനു നില്‍ക്കക്കളളിയില്ലാതായി. കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നതു ശ്രദ്ധേയമായി.

ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്ന നിയമനടപടി വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടതു മുന്‍നിലപാടുകളില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഒളിച്ചോട്ടമായി. വിശ്വാസികളെ വീണ്ടും തെരുവിലിറക്കരുതെന്നും മന്ത്രി പറഞ്ഞുവച്ചു.

ശബരിമലയിലെ ആചാരസംരക്ഷണത്തിനു നിയമപരമായ പിന്തുണ അനിവാര്യമാണെന്നും വ്യക്‌തമാക്കി. സംസ്‌ഥാനം ഇത്തരമൊരു നിയമനിര്‍മാണത്തിനു പലകുറി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമുണ്ടായി.

ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലേക്കു കേരളം മാത്രമല്ല, രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന അവസ്‌ഥയാണ്‌. ശബരിമലയില്‍ കോടതിവിധിയനുസരിച്ചു യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ എന്നും സമരവും തടയലുമായി നില്‍ക്കാനാകുമോ എന്നാണ്‌ സമുദായസംഘടനകളുടെ ചോദ്യം.

ഇതിനാണ്‌ ബി.ജെ.പി. മറുപടി പറയേണ്ടിവരുക. കോടതിവിധി നീണ്ടുപോകുന്ന സാഹചര്യത്തില്‍ നിയമനിര്‍മാണത്തിലൂടെയുള്ള പരിഹാരമാണ്‌ വേണ്ടതെന്നാണ്‌ പൊതു നിലപാട്‌.

CLICK TO FOLLOW UKMALAYALEE.COM