ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാന്‍ അമിത് ഷായും കേരളത്തിലേയ്ക്ക് – UKMALAYALEE

ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാന്‍ അമിത് ഷായും കേരളത്തിലേയ്ക്ക്

Wednesday 24 October 2018 1:32 AM UTC

ന്യൂഡല്‍ഹി Oct 24: ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ശിവഗിരി മഠം അടക്കമുള്ള ഹൈന്ദവ സന്യാസി നേതൃത്വവുമായി ചര്‍ച്ച നടത്തും.

നേരത്തേ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റിവച്ചതായിരുന്നു അമിത്ഷായുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഈ തീരുമാനം.

കണ്ണൂരിലും ശിവഗിരി മഠത്തിലും നടക്കുന്ന പൊതു പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും.

അമിത് ഷായുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ ശബരിമല പ്രശ്‌നത്തില്‍ വിശദമായ സമരപരിപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് 3 മണിക്ക് കൊച്ചിയില്‍ എന്‍.ഡി.എ. യോഗം ചേരും. വെള്ളിയാഴ്ച്ചയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍.എസ്. എസും കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളും ആദ്യം സുപ്രീം കോടതി വിധിയോടൊപ്പമായിരുന്നെങ്കിലും വിശ്വാസ സമൂഹം എതിരാണെന്നു കണ്ട് പിന്നീട് സമരം ഏറ്റെടുക്കുകയായിരുന്നു.

വിധി നടപ്പാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ ഉറച്ച തീരുമാനവും നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്നിട്ടുള്ള കോണ്‍ഗ്രസിന് ഉറച്ച ഒരു നിലപാട് ഇതുവരെ എടുക്കാന്‍ സാധിക്കാതെ വന്നതും ബി.ജെ.പി.ക്ക് അനുകൂല ഘടകങ്ങളായി.

ലോക്‌സഭാ ഇലക്ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി.യുടെ മുഖ്യ അജണ്ട.

ഇതിനിടെ ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കുളളില്‍ പടപ്പുറപ്പാട് തുടങ്ങിയതോടെ കോണ്‍ഗ്രസും പ്രക്ഷോഭരംഗത്തേക്ക് വരുന്നു.

വിഷയം ബി.ജെ.പി. ഹൈജാക്ക് ചെയ്‌തെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു പ്രത്യക്ഷസമരപരിപാടികള്‍ക്കിറങ്ങാനുള്ള പാര്‍ട്ടി തീരുമാനം.

CLICK TO FOLLOW UKMALAYALEE.COM