ശബരിമല നട അനിശ്‌ചിതകാലത്തേക്ക്‌ നട അടച്ചിടാന്‍ തന്ത്രിമാരും കൊട്ടാരവും – UKMALAYALEE

ശബരിമല നട അനിശ്‌ചിതകാലത്തേക്ക്‌ നട അടച്ചിടാന്‍ തന്ത്രിമാരും കൊട്ടാരവും

Saturday 13 October 2018 2:29 AM UTC

കോഴിക്കോട്‌  Oct 13: സുപ്രീം കോടതി വിധിപ്രകാരം, യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ ശബരിമല നട അനിശ്‌ചിതകാലത്തേക്ക്‌ അടച്ചിടാന്‍ താഴമണ്‍ തന്ത്രികുടുംബവും പന്തളം കൊട്ടാരവും ആലോചിക്കുന്നു.

ആചാരം ലംഘിക്കപ്പെട്ടാല്‍ തുടര്‍ച്ചയായി പുണ്യാഹം തളിച്ചു ശുദ്ധിവരുത്തേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാകും നടപടി. ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ്‌ അന്തിമതീരുമാനം.

നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്‌ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്‌.

യുവതികള്‍ കയറിയാല്‍ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ എല്ലാദിവസവും പുണ്യാഹശുദ്ധി നടത്തുക അപ്രായോഗികമാണ്‌. അതു പുണ്യാഹത്തിന്റെ പ്രസക്‌തിതന്നെ ഇല്ലാതാക്കും.

ആചാരം ലംഘിച്ചു സ്‌ത്രീകളെത്തിയാല്‍ അനിശ്‌ചിതകാലത്തേക്കു നടയടയ്‌ക്കുന്ന കാര്യം ആലോചിക്കുമെന്നു പന്തളം കൊട്ടാരം പ്രതിനിധി കേരളവര്‍മരാജ പറഞ്ഞു.

കൊട്ടാരം ഭരണസമിതിയുടെ പ്രസിഡന്റ്‌ ശശികുമാരവര്‍മയും ജനറല്‍ സെക്രട്ടറി നാരായണവര്‍മയുമാണ്‌. കഴിഞ്ഞ ഏഴിനു ചേര്‍ന്ന ഭരണസമിതി ആചാരസംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തു. പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനാകും ആദ്യശ്രമം.

അടുത്തഘട്ടത്തിലേ നട അടച്ചിടുന്ന കാര്യം ആലോചിക്കൂവെന്നു കേരളവര്‍മരാജ പറഞ്ഞു. തന്ത്രിമാരാണ്‌ അക്കാര്യം തീരുമാനിക്കേണ്ടത്‌.

ശബരിമലയില്‍ കഴിഞ്ഞ ജൂണ്‍-ജൂലൈയില്‍ ദേവപ്രശ്‌നം നടത്തിയിരുന്നു. സന്നിധാനത്തും പന്തളം കൊട്ടാരത്തിലും ദോഷമകറ്റാനുള്ള പൂജകള്‍ അതില്‍ നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന്‌, കൊട്ടാരത്തില്‍ മൃത്യുഞ്‌ജയഹോമം ഉള്‍പ്പെടെയുള്ള പൂജകള്‍ നടത്തി. എന്നാല്‍, ശബരിമലയിലെ ദോഷപരിഹാരത്തിനുള്ള പല ക്രിയകളും ദേവസ്വം ബോര്‍ഡ്‌ പൂര്‍ത്തിയാക്കിയില്ലെന്നു കേരളവര്‍മ ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM