ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകയും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ – UKMALAYALEE

ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകയും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍

Monday 14 January 2019 3:13 AM UTC

കൊച്ചി Jan 14: സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ യുവതികളായ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തി.

ശബരിമല ദര്‍ശനത്തിന് ശേഷം ഒളിവിലായിരുന്ന ബിന്ദുവും കനകയും ഇത് ആദ്യമായാണ് പൊതുവേദിയില്‍ എത്തുന്നത്. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.

ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇരുവരും രഹസ്യ കേന്ദ്രത്തിലായിരുന്നു.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് രഹസ്യ കേന്ദ്രത്തിലായിരുന്ന ഇരുവരും ഒരാഴ്ചയ്ക്ക് ശേഷമാണ് പൊതുവേദിയില്‍ വരുന്നത്.

ആര്‍ത്തവം അശുദ്ധമല്ലെന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെയാണ് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് ആര്‍പ്പോ ആര്‍ത്തവം എന്ന പ്രതിഷേധ കൂട്ടായ്മ ആരംഭിച്ചത്.

പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയുടെ സമാപന ദിവസമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിന്‍മാറിയിരുന്നു.

ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കണമെന്ന ആവശ്യം കൂട്ടായ്മയിലുയര്‍ന്നു. ശബരിമല വിധി, നവോത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

CLICK TO FOLLOW UKMALAYALEE.COM