
ശബരിമല കേസ്: വാദത്തിന് ഒരുക്കമായി, ഒമ്പതംഗ ബെഞ്ചില്‍ 6 പേര് ദക്ഷിണേന്ത്യക്കാര്‍
Saturday 11 January 2020 5:57 AM UTC
കൊച്ചി Jan 11 : വിശ്വാസ വിഷയങ്ങള്‍ തീര്‍പ്പാക്കുന്നതിനായി സുപ്രീംകോടതി രൂപീകരിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ ആറു ജഡ്ജിമാര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍. രണ്ടു പേര് കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിലെ ഒരാള്‍ പോലും ഒമ്പതംഗ ബെഞ്ചിലില്ല.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ്, എല്‍. നാഗേശ്വര റാവു, മോഹന്‍ എം. ശാന്തനഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍, ആര്. സുഭാഷ് റെഡ്ഡി, ബി.ആര്. ഗവായി, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്.
ഭാനുമതി തമിഴ്നാട് സ്വദേശിനിയാണ്. ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ കര്ണാടകക്കാര്. നാഗേശ്വര റാവുവും സുഭാഷ് റെഡ്ഡിയും ആന്ധ്രാപ്രദേശില്‍നിന്ന്. ശാന്തനഗൗഡറും യു.പി. സ്വദേശിയായ അശോക് ഭൂഷണും കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുമാരായിരുന്നു.
ജസ്റ്റിസ് ഗവായിയുടെ പിതാവ് ആര്.എസ്. ഗവായ് കേരള ഗവര്‍ണറായിരുന്നു. അബ്ദുള്‍ നസീര്‍ മുസ്ലീം സമുദായാംഗവും ആര്. ഭാനുമതി ക്രിസ്ത്യന്‍ സമുദായാംഗവുമാണ്.
ഒമ്പതംഗ ബെഞ്ച് 13 നാണ് ആദ്യ സിറ്റിങ് നടത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 60 പുനഃപരിശോധനാ ഹര്‍ജികളും ഈ ബെഞ്ചിനു മുന്നിലേക്കു ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കല്‍, ബോറ സമുദായത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം തുടങ്ങി സുപ്രീം കോടതിക്കു മുന്നിലുള്ള ഹര്‍ജികളിലെ വിശ്വാസസംബന്ധമായ നിയമചോദ്യങ്ങളും ഈ ബെഞ്ചിനു മുന്നിലെത്തും.
ശബരിമല കേസിലെ കക്ഷികളോടു രേഖകളുടെ നാലു സെറ്റ് കൂടി ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുവതീപ്രവേശത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ നല്കിയ സത്യവാങ്മൂലങ്ങള്‍ അടിയന്തരമായി എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കേസില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒന്നിച്ചുനീങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്.
CLICK TO FOLLOW UKMALAYALEE.COM