ശബരിമല: കേരളത്തില്‍ പിടിമുക്കാന്‍ സംഘപരിവാറിന്റെ പ്രക്ഷോഭ പരമ്പരകകള്‍ – UKMALAYALEE

ശബരിമല: കേരളത്തില്‍ പിടിമുക്കാന്‍ സംഘപരിവാറിന്റെ പ്രക്ഷോഭ പരമ്പരകകള്‍

Wednesday 3 October 2018 12:27 AM UTC

ആലപ്പുഴ Oct 3: ശബരിമല സ്‌ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിക്കെതിരേ അയ്യപ്പ സേവാ സമാജത്തെ മുന്‍നിര്‍ത്തി നിലയ്‌ക്കല്‍ മോഡല്‍ പ്രക്ഷോഭത്തിനു സംഘപരിവാര്‍ ഒരുങ്ങുന്നു.

സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധമായല്ല, ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള രാഷ്‌ട്രീയനീക്കങ്ങള്‍ തുറന്നുകാട്ടുന്ന പ്രക്ഷോഭ പരമ്പരകളാണു പരിവാര്‍ സംഘടനകള്‍ ആസൂത്രണം നടത്തുന്നത്‌.

അയ്യപ്പ സേവാസംഘത്തിനു ബദലായി ഏതാനും വര്‍ഷം മുമ്പു രൂപീകരിക്കപ്പെട്ട അയ്യപ്പ സേവാസമാജം അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈറോഡ്‌ രാജനാണ്‌ ദേശീയ പ്രസിഡന്റ്‌. ഉത്തരേന്ത്യയിലേക്കും സംഘടനയുടെ ശാഖകള്‍ രൂപീകരിച്ചുവരികയാണ്‌.

കേരളത്തില്‍നിന്നു വി.കെ. വിശ്വനാഥന്‍ ദേശീയ ഭാരവാഹി നിരയിലുണ്ട്‌. അയ്യപ്പ സേവാ സമാജത്തിന്റെ ഭാരവാഹിയായിരിക്കെയാണു കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷ പദവിയിലെത്തുന്നത്‌.

ശബരിമല സ്‌ത്രീ പ്രവേശനക്കേസില്‍ സുപ്രീം കോടതിയില്‍ നടന്ന കേസില്‍ അയ്യപ്പ സേവാ സമാജവും കക്ഷി ചേര്‍ന്നിരുന്നു. ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.

ശബരിമല വിഷയത്തില്‍ കോടതി വിധി ആര്‍.എസ്‌.എസ്‌. ആദ്യം സ്വാഗതം ചെയ്‌തതും ബി.ജെ.പി. നിലപാടിലെ അയഞ്ഞ സമീപനവും അണികളില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു.

ആര്‍.എസ്‌.എസ്‌. സര്‍സംഘ ചാലക്‌ മോഹന്‍ ഭാഗവത്‌, സര്‍കാര്യവാഹ്‌ ഭയ്യാജി ജോഷി എന്നിവരുമായി വിശദമായ ചര്‍ച്ചയ്‌ക്കുശേഷമാണ്‌ അയ്യപ്പ സേവാസമാജം സമരത്തിനു തീരുമാനിച്ചത്‌.

പ്രക്ഷോഭം നയിക്കാന്‍ വനിതയെ കൊണ്ടുവരാനും ആലോചനയുണ്ട്‌. 1950 ലെ ശബരിമലയിലെ അഗ്നിബാധ, 1983 ലെ നിലയ്‌ക്കല്‍ പ്രശ്‌നം തുടങ്ങി മുല്ലപ്പെരിയാര്‍ വിവാദംവരെ പ്രക്ഷോഭത്തില്‍ ചര്‍ച്ചാവിഷയമാക്കാനാണ്‌ ശ്രമം.

അതിനിടെ, ശബരിമല പ്രശ്‌നത്തില്‍ ഇടപെടാനുള്ള അയ്യപ്പസേവാ സമാജത്തിന്റെ അഖിലേന്ത്യാ നേതൃയോഗമെടുത്ത തീരുമാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ പി.പി. മുകുന്ദന്‍ സ്വാഗതംചെയ്‌തു.

അല്‍പ്പം വൈകിയെങ്കിലും വിശ്വാസം സംരക്ഷിക്കുന്നതിന്‌ തയാറായത്‌ ആശ്വാസകരമാണ്‌.

ദൈവവിശ്വാസത്തില്‍ താല്‍പ്പര്യമില്ലാത്ത കേരള സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലവും കോടതി വിധി എതിരാകാന്‍ കാരണമായിട്ടുണ്ടാകാമെന്നു മുകുന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM