ശബരിമല ആചാരസംരക്ഷണത്തിന്‌ നിയമം; കരട്‌ പുറത്തുവിട്ട്‌ യു.ഡി.എഫ്‌ – UKMALAYALEE

ശബരിമല ആചാരസംരക്ഷണത്തിന്‌ നിയമം; കരട്‌ പുറത്തുവിട്ട്‌ യു.ഡി.എഫ്‌

Sunday 7 February 2021 8:24 PM UTC

കോട്ടയം Feb 7 : അധികാരത്തിലെത്തിയാല്‍ ആവിഷ്‌കരിക്കുന്ന ശബരിമല ആചാര സംരക്ഷണ നിയമത്തിന്റെ കരട്‌ യു.ഡി.എഫ്‌. പുറത്തുവിട്ടു. ആചാരങ്ങള്‍ ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവുശിക്ഷ വ്യവസ്‌ഥ ചെയ്യുന്നതാണു നിയമം. ആചാരങ്ങളുടെ പരമാധികാരി തന്ത്രിയാണെന്നും മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ടി. ആസഫലി തയാറാക്കിയ കരടില്‍ വ്യക്‌തമാക്കുന്നു.

മന്ത്രി എ.കെ. ബാലന്റെ വെല്ലുവിളി സ്വീകരിച്ച്‌ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയാണു കരടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്‌. ശബരിമല കേസ്‌ സംബന്ധിച്ച സുപ്രീം കോടതി വിധിവന്നശേഷം അടുത്ത നടപടി കൈക്കൊള്ളുമെന്ന സി.പി.എമ്മിന്റെ തീരുമാനം വിശ്വാസികളെ കബളിപ്പിക്കലാണെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.

വിശ്വാസസംരക്ഷണാര്‍ഥം നിയമനിര്‍മാണത്തിനു കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ഭരണഘടന അവകാശം നല്‍കുന്നുണ്ട്‌. ഇടതുസര്‍ക്കാരിന്റെ അപക്വ നടപടിയുടെ ഫലമാണ്‌ പിന്നീടുണ്ടായ വിധിക്കും സംഘര്‍ഷത്തിനും കാരണമായത്‌. പുതിയ നിയമ നിര്‍മാണമല്ലാതെ കോടതിവിധി മറികടക്കാനാകില്ലെന്നു സര്‍ക്കാരിന്‌ അറിയാം.

എന്നാല്‍, പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനം എടുത്താല്‍ അതിന്റെ മറവില്‍ ശബരിമലയില്‍ വീണ്ടും യുവതികളെ കയറ്റാനാണ്‌ സി.പി.എം ശ്രമം. 50 കോടി രൂപ മുടക്കി വനിതാ മതില്‍ നിര്‍മിച്ചവര്‍ ഇത്തരം ഒരു നടപടി എടുക്കില്ലെന്ന്‌ എങ്ങിനെ പറയാന്‍ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM