ശബരിമല അതോറിറ്റി സര്‍ക്കാര്‍ നിയന്ത്രണത്തില്‍; അംഗങ്ങള്‍ ഒമ്പത്‌ – UKMALAYALEE

ശബരിമല അതോറിറ്റി സര്‍ക്കാര്‍ നിയന്ത്രണത്തില്‍; അംഗങ്ങള്‍ ഒമ്പത്‌

Wednesday 29 May 2019 2:03 AM UTC

തിരുവനന്തപുരം May 29: നിര്‍ദിഷ്‌ട ദേവസ്വം ബോര്‍ഡ്‌ നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല വികസന അതോറിറ്റിയില്‍ ഒന്‍പതംഗങ്ങള്‍. ഗവ. സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്‌ഥനാകും ചെയര്‍പേഴ്‌സണ്‍. ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവിയില്‍ കുറയാത്തയാള്‍ സെക്രട്ടറിയാകും.അതോറിറ്റി അംഗങ്ങള്‍ ഇവരാണ്‌: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌, കമ്മിഷണര്‍, ജനറല്‍ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍, വനം പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍, പരിസ്‌ഥിതി എന്‍ജിനീയറിങ്‌ വിദഗ്‌ധന്‍, കേന്ദ്ര-സംസ്‌ഥാനസര്‍വീസുകളില്‍ ഏതെങ്കിലുമൊന്നില്‍ ചീഫ്‌ എന്‍ജിനീയറായിരുന്നയാള്‍, ഹൈന്ദവാചാരങ്ങളിലും ക്ഷേത്രനടത്തിപ്പിലും പരിജ്‌ഞാനമുള്ള പ്രമുഖവ്യക്‌തി.

എല്ലാവരും ഹിന്ദുക്കളും ക്ഷേത്രവിശ്വാസികളുമായിരിക്കണം. അതോറിറ്റി നിലവില്‍ വരുന്നതോടെ സര്‍ക്കാരില്‍ മാത്രമായി നിയന്ത്രണമൊതുങ്ങും.

ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രത്തിന്റെ പദവിയിലെത്തിക്കാനുള്ള ചുമതല അതോറിറ്റിക്കാകും.

ഈ ലക്ഷ്യത്തോടെ സര്‍ക്കാരിന്‌ ഉപദേശങ്ങള്‍ നല്‍കുക, മാസ്‌റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ക്ഷേത്രസമുച്ചയത്തില്‍ ക്രമസമാധാനം, ആരോഗ്യപരിരക്ഷ, സദാചാരം, ശുചിത്വം, സുഗമതീര്‍ഥാടനത്തിനുള്ള സജ്‌ജീകരണങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്‌.

കണക്കുകള്‍ സൂക്ഷിക്കാനുള്ള അധികാരം സെക്രട്ടറിക്കും. ഇവ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമര്‍പ്പിക്കണം. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം അതോറിറ്റി യോഗങ്ങള്‍ വിളിക്കേണ്ടതും സെക്രട്ടറിയാണ്‌. ഓഡിറ്ററെ സര്‍ക്കാര്‍ നിയോഗിക്കും.

CLICK TO FOLLOW UKMALAYALEE.COM