ശബരിമല അതോറിട്ടി വരുന്നു; ദേവസ്വം ബോര്‍ഡിന്‌ അധികാരം നഷ്‌ടമാകും – UKMALAYALEE

ശബരിമല അതോറിട്ടി വരുന്നു; ദേവസ്വം ബോര്‍ഡിന്‌ അധികാരം നഷ്‌ടമാകും

Saturday 6 April 2019 5:58 AM UTC

Byഎസ്‌. നാരായണ്‍

തിരുവനന്തപുരം: ദേവസ്വം നിയമം അടിമുടി പരിഷ്‌കരിച്ച്‌ ശബരിമല ക്ഷേത്ര അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ധാരണ. അതോറിട്ടി രൂപീകരണത്തിനുള്ള പ്രാഥമികനടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്‌തു.

ശബരിമല ക്ഷേത്രവും വികസനപ്രവര്‍ത്തനങ്ങളും ബന്ധപ്പെടുത്തി വിപുലമായ അധികാരങ്ങളോടെയാണ്‌ അതോറിട്ടി രൂപീകരിക്കുന്നത്‌. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ഹൈക്കോടതിക്കു സമര്‍പ്പിക്കും. മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനാകും അതോറിട്ടി ചെയര്‍മാന്‍.

വനിതയടക്കം ആറംഗങ്ങളുണ്ടാകും. എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായി തുടരുമെങ്കിലും ശബരിമല അതോറിട്ടിക്കു മേല്‍ നിയന്ത്രണാധികാരങ്ങള്‍ ഉണ്ടാകില്ല.

ശബരിമല വികസനത്തിനു സര്‍ക്കാര്‍ മാറ്റിവച്ച 800 കോടി രൂപ അതോറിട്ടിക്കായി വകയിരുത്തും.

ശബരിമല ക്ഷേത്രവരുമാനം കൈകാര്യം ചെയ്യുന്നതും ചെലവുകള്‍ വഹിക്കുന്നതും അതോറിട്ടിയാകും. ഭക്‌തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇതിലൂടെ കഴിയും.

ദേവസ്വം ബോര്‍ഡില്‍നിന്ന്‌ ഒരുവിഭാഗം ജീവനക്കാരെ അതോറിട്ടിയിലേക്കു മാറ്റും. ഇവരുടെ സേവനവേതനവ്യവസ്‌ഥകള്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരുടേതിനു തുല്യമായിരിക്കും.

യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാറും സര്‍ക്കാരുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്‌മയാണു ശബരിമല അതോറിട്ടി രൂപീകരണത്തിലേക്കു നയിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM