ശബരിമല: അണിനിരക്കുന്നതു മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട – UKMALAYALEE

ശബരിമല: അണിനിരക്കുന്നതു മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട

Wednesday 6 February 2019 1:08 AM UTC

കൊച്ചി Feb 6 : ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ ഹാജരാകുന്നതു മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട.<

കേസിലെ കക്ഷികളെല്ലാം വന്‍തുക മുടക്കി പ്രമുഖ അഭിഭാഷകരെയാണു രംഗത്തിറക്കുന്നത്‌. ഒരുതവണ ഹാജരാകാന്‍ 11 ലക്ഷം രൂപ വാങ്ങുന്നവരാണ്‌ അഭിഭാഷകരില്‍ പലരും.

പന്തളം കൊട്ടാരത്തിനുവേണ്ടി മോഹന്‍ പരാശരന്‍, അരവിന്ദ്‌ ദത്താര്‍, കെ. രാധാകൃഷ്‌ണന്‍ എന്നിവര്‍ ഹാജരാകുമ്പോള്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സി.യു. സിങ്ങാണു ഹാജരാകുന്നത്‌.

എന്‍.എസ്‌.എസിനു വേണ്ടി കെ. പരാശരനും തന്ത്രി കണ്‌ഠര്‌ രാജീവരര്‍ക്കു വേണ്ടി വി. ഗിരിയും തന്ത്രി കണ്‌ഠര്‌ മോഹനര്‍ക്കു വേണ്ടി അര്യമാ സുന്ദരവും ഹാജരാകും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക്‌ മനു സിങ്‌വിയാണു ഹാജരാകുന്നത്‌. അയ്യപ്പസേവാസംഘത്തിനു വേണ്ടി മുകുള്‍ റോത്ത്‌ഗി ഹാജരാകും.

ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയ നാലു യുവതികള്‍ക്കു വേണ്ടി അഡ്വ. ഇന്ദിരാ ജയ്‌സിങ്‌ ഹാജരാകും. സംസ്‌ഥാനസര്‍ക്കാരിനു വേണ്ടി സ്‌റ്റാന്‍ഡിങ്‌ കോണ്‍സല്‍ അഡ്വ. ജി. പ്രകാശും മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ജയദീപ്‌ ഗുപ്‌തയും കോടതിയിലുണ്ടാകും.

കക്ഷിയല്ലെങ്കിലും കേന്ദ്രസര്‍ക്കാരിനു താത്‌പര്യമുള്ള കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍മാരില്‍ ആരെങ്കിലും കോടതിമുറിയിലുണ്ടാകും.

CLICK TO FOLLOW UKMALAYALEE.COM