ശബരിമലവിധി പ്രതികൂലമായാല്‍ ബിജെപി കുരുങ്ങും – UKMALAYALEE

ശബരിമലവിധി പ്രതികൂലമായാല്‍ ബിജെപി കുരുങ്ങും

Friday 15 November 2019 5:46 AM UTC

പത്തനംതിട്ട Nov 15 : ശബരിമല യുവതീ പ്രവേശനവിധിക്കെതിരേ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിവിധി പ്രതികൂലമായാല്‍ വെട്ടിലാകുക ബി.ജെ.പി. യുവതീപ്രവേശം വിലക്കുന്ന വിഷയത്തില്‍ നിയമനിര്‍മാണത്തിനു മുതിര്‍ന്നില്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ഉദ്യമങ്ങള്‍ക്കുതന്നെ അതു തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍.

ശബരിമല വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ 245 ന്റെ പ്രത്യേക പരിരക്ഷ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാമെന്നാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാരിനെ മറികടന്നു കേന്ദ്രത്തിന് നേരിട്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധ്യമല്ലെന്നു ബി.ജെ.പി. നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെ മാനിച്ച് കേന്ദ്രവും സംസ്ഥാനവും ഒത്തുചേര്‍ന്നു പോകണമെന്നാണു ബി.ജെ.പിയുടെ നിലപാട്.

ആര്‍ട്ടിക്കിള്‍ 245 പ്രകാരം ഇന്ത്യയില്‍ മുഴുവനായോ ഏതെങ്കിലും ഒരു ഭാഗത്തിനു വേണ്ടിയോ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തിനു സാധിക്കുമെന്നാണു നിയമജ്ഞരുടെ പക്ഷം.

ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കായുള്ള നിയമനിര്‍മാണം ഉദാഹരണമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയ്ക്കു വേണ്ടി നിയമം പാസാക്കി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാല്‍ അതു ചോദ്യംചെയ്യാന്‍ സുപ്രീം കോടതിക്കും സാധിക്കില്ലെന്നു കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.

പക്ഷേ, ശബരിമല കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാലും അത് സുപ്രീം കോടതിവിധിയെ മറികടക്കാന്‍ സാധിക്കില്ലെന്നാണ് ബി.ജെ.പിക്കു ലഭിച്ച നിയമോപദേശം.

പുതിയ ഓര്‍ഡിനന്‍സിനു മുതിര്‍ന്നാല്‍ അതു മൗലികാവകാശ ലംഘനത്തോടൊപ്പം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും ചോദ്യം ചെയ്യുന്നതാകും.

ശബരിമല യുവതീ പ്രവേശന വിധി മൗലികാവകാശ ലംഘനം സംബന്ധിച്ചതായതിനാല്‍ ജുഡീഷ്യല്‍ റിവ്യൂവിന് എത്തിയാല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കപ്പെടുമെന്നു ബി.ജെ.പി. ഭയപ്പെടുന്നു.

ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പാസാക്കിയാലും അത് മൗലികാവകാശ ലംഘനമായതിനാല്‍സുപ്രീം കോടതി തള്ളാനാണു സാധ്യതയെന്നു നിയമജ്ഞരും പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM