ശബരിമലയ്ക്കു പിന്നാലെ ആറ്റുകാല്‍ പൊങ്കാലയും പ്രതിസന്ധിയിലേക്ക്‌ – UKMALAYALEE

ശബരിമലയ്ക്കു പിന്നാലെ ആറ്റുകാല്‍ പൊങ്കാലയും പ്രതിസന്ധിയിലേക്ക്‌

Wednesday 31 October 2018 2:18 AM UTC

തിരുവനന്തപുരം Oct 31 : ലക്ഷക്കണക്കിനു സ്‌ത്രീകളെത്തുന്ന ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ അവതാളത്തില്‍.

കഴിഞ്ഞ ഓഗസ്‌റ്റിലുണ്ടായ മഹാപ്രളയം കരമനയാറിന്റെ തീരത്തുള്ള ആറ്റുകാല്‍ പ്രദേശത്തും വന്‍നാശനഷ്‌ടങ്ങളുണ്ടാക്കിയിരുന്നു.

എന്നാല്‍, ഇവിടങ്ങളില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള യാതൊരു നടപടിയുമായിട്ടില്ല. കുംഭമാസത്തിലെ (ഫെബ്രുവരി- മാര്‍ച്ച്‌) പൂരനാളിലാണു പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.

സംസ്‌ഥാനത്തെമ്പാടുമുള്ള ലക്ഷക്കണക്കിനു സ്‌ത്രീകളാണ്‌ പൊങ്കാലയിടാന്‍ ദിവസങ്ങള്‍ മുമ്പേ ആറ്റുകാലിലും തലസ്‌ഥാനനഗരത്തിലുമായി താവളമടിക്കുക.

കഴിഞ്ഞ പൊങ്കാലയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തുക ധനവകുപ്പ്‌ ഇതുവരെ നല്‍കാത്തതാണ്‌ അടുത്ത പൊങ്കാലയ്‌ക്കുള്ള മുന്നൊരുക്കങ്ങള്‍ക്കു വിലങ്ങുതടിയാകുന്നത്‌.

ജില്ലാകലക്‌ടര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫണ്ട്‌ തടഞ്ഞുവച്ചിരിക്കുകയാണ്‌. കഴിഞ്ഞ പൊങ്കാലയോടനുബന്ധിച്ച്‌ 3.05 കോടിയിലേറെ രൂപയുടെ പ്രവൃത്തികളാണു ജല അതോറിട്ടി മാത്രം നടത്തിയത്‌.

അതോറിറ്റിയുടെ സ്വിവറേജ്‌ ഡിവിഷനുകളുടെ ഭാഗമായി നടന്ന പണികള്‍ക്കു കഴിഞ്ഞ ഫെബ്രുവരി 15-നാണ്‌ ഭരണാനുമതി നല്‍കിയത്‌. ഫെബ്രുവരി-മാര്‍ച്ചില്‍ പണി പൂര്‍ത്തിയായി.

ബജറ്റ്‌ പ്രകാരം നഗരകാര്യ ഡയറക്‌ടറുടെ അക്കൗണ്ടില്‍നിന്നു തുക ട്രഷറിയില്‍, ജില്ലാ കലക്‌ടറുടെ പ്രത്യേക അക്കൗണ്ടിലേക്കു മാറ്റി. എന്നാല്‍ ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ ഫണ്ടുകള്‍ വായ്‌പയായി പരിഗണിച്ച്‌, കേന്ദ്രം വായ്‌പാപരിധി കുറച്ചു.

ഈ സാഹചര്യത്തില്‍ ട്രഷറി സേവിങ്‌സ്‌ ബാങ്കിലും ടി.പി. അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടിയിലേറെ രൂപ സര്‍ക്കാര്‍ തിരിച്ചെടുത്തു. വളരെ വൈകി അനുമതി ലഭിച്ചതിനാല്‍, പണി തീര്‍ത്ത്‌ മാര്‍ച്ച്‌ 31-നു മുമ്പ്‌ ബില്‍ നല്‍കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പണികളായതിനാല്‍ പലപ്പോഴായാണു ബില്ലുകള്‍ ലഭിച്ചിരുന്നത്‌. ഇവയ്‌ക്കൊക്കെ നിര്‍വഹണാനുമതിയുള്ളതിനാല്‍ ബില്ലുകള്‍ ലഭിച്ചാലുടന്‍ പണം ലഭ്യമാക്കണം.

അതിനാല്‍ ബില്ലുകള്‍ കിട്ടുന്ന മുറയ്‌ക്ക്‌ ജില്ലാ കലക്‌ടര്‍ സര്‍ക്കാരിനു കൈമാറി. എന്നാല്‍ മാര്‍ച്ച്‌ 31-നു ബില്ലുകള്‍ ലഭിച്ചില്ലെന്ന കാരണത്താല്‍, അഞ്ചുമാസം കഴിഞ്ഞിട്ടും പണം നല്‍കാതെ വട്ടംകറക്കുകയാണു ധനവകുപ്പ്‌.

കുടിശിക ലഭിച്ചില്ലെങ്കില്‍ അടുത്ത പൊങ്കാല ബുദ്ധിമുട്ടിലാകുമെന്നു ചൂണ്ടിക്കാട്ടി ജില്ലാ കലക്‌ടര്‍ തദ്ദേശസ്വയംഭരണവകുപ്പ്‌ സെക്രട്ടറിക്ക്‌ രണ്ടുമാസം മുമ്പ്‌ വിശദമായ കത്ത്‌ നല്‍കിയിട്ടും ഫലമുണ്ടായില്ല.

സംസ്‌ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയം തലസ്‌ഥാനജില്ലയെ സാരമായി ബാധിച്ചില്ലെങ്കിലും കരമനയാറിന്റെ തീരത്തുള്ള ആറ്റുകാല്‍ പ്രദേശത്തെ ജലവിതരണ, സ്വിവറേജ്‌ ലൈനുകള്‍ക്കു വലിയ കേടുപാടുകളുണ്ടായി.

30 ലക്ഷത്തിലധികം സ്‌ത്രീകള്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ എത്തുന്നതായാണു കണക്ക്‌. ഇവര്‍ക്കാവശ്യമായ കുടിവെള്ളവും ശുചിത്വസൗകര്യങ്ങളും ഒരുക്കാന്‍ ഇക്കുറി സാധാരണയില്‍ കവിഞ്ഞ പ്രയത്‌നം വേണ്ടിവരും.

പ്രളയാനന്തരസാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ പതിവിലും നേരത്തേ മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ടിവരും. എന്നാല്‍, കഴിഞ്ഞ പൊങ്കാലക്കാലത്തെ പണംപോലും നല്‍കാത്ത സാഹചര്യത്തില്‍ ആരും പണി ഏറ്റെടുക്കാന്‍ തയാറകുന്നില്ല.

മുന്നൊരുക്കള്‍ ചര്‍ച്ചചെയ്യാന്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നെങ്കിലും തുടര്‍നടപടികളായില്ല. പദ്ധതികള്‍ ആവിഷ്‌കരിച്ച്‌, ടെന്‍ഡര്‍ ചെയ്‌ത്‌, പണികള്‍ പൊങ്കാലയ്‌ക്കു മുമ്പ്‌ പൂര്‍ത്തിയാക്കണം. കുടിശിക ലഭിക്കാതെ പണി ഏറ്റെടുക്കില്ലെന്ന നിലപാടിലാണു കരാറുകാര്‍.

CLICK TO FOLLOW UKMALAYALEE.COM