ശബരിമലയും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് സി.പി.എം – UKMALAYALEE

ശബരിമലയും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് സി.പി.എം

Saturday 25 May 2019 12:55 AM UTC

തിരുവനന്തപുരം May 25: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശബരിമല വിഷയവും കാരണമായിട്ടുണ്ടാകാമെന്ന് സി.പി.എം വിലയിരുത്തല്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് വിലയിരുത്തല്‍. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്നും സി.പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താല്‍ക്കാലിക തിരിച്ചടിയാണ്. സംസ്ഥാന കമ്മറ്റി മുതല്‍ ബൂത്ത് കമ്മറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും സി.പി.എം വ്യക്തമാക്കി.

ബി.ജെ.പിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും അംഗബലം വര്‍ദ്ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനങ്ങളെ സമീപിച്ചത്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകുന്ന അപകടം സമുഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന ചിന്തയിലാണ് ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്.

ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച സമീപനമാണ് ജനവിധിയെ സ്വാധീനിച്ച ഘടകം. ദേശീയരാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.

പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായെന്നും സി.പി.എം വിലയിരുത്തി.

CLICK TO FOLLOW UKMALAYALEE.COM