ശബരിമലയില്‍ സംഘപരിവാറുകളുടെ യു ടേണ്‍ വോട്ടുരാഷ്ട്രീയം ലക്ഷ്യമിട്ട് – UKMALAYALEE
foto

ശബരിമലയില്‍ സംഘപരിവാറുകളുടെ യു ടേണ്‍ വോട്ടുരാഷ്ട്രീയം ലക്ഷ്യമിട്ട്

Thursday 18 October 2018 3:25 AM UTC

തിരുവനന്തപുരം Oct 18 : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള കേരളാ സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തില്‍ ഇതുവരെ ബിജെപിയ്ക്കും സംഘപരിവാറിനും കിട്ടിയിരിക്കുന്ന ഏറ്റവും മികച്ച അവസരം.

വിശ്വാസത്തിനപ്പുറം വര്‍ഗ്ഗീയപാര്‍ട്ടി എന്നു മുദ്രകുത്തി കേരള ജനത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിമുഖത കാട്ടാറുള്ള ബിജെപിയ്ക്ക് ശബരിമല തങ്ങളുടെ രാഷ്ട്രീയ അജണ്ഡ നടപ്പാക്കാനുള്ള കൃത്യമായ വിടവ് സൃഷ്ടിച്ചെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.

എത്ര കഠിനമാണെങ്കിലും സുപ്രീംകോടതി വിധി സംരക്ഷിക്കാനുള്ള പിണറായി വിജയന്റെ തീരുമാനം ഇക്കാര്യത്തില്‍ ബിജെപിയ്ക്കും സംഘപരിവാറുകള്‍ക്കും അപ്രതീക്ഷിത ജീവശ്വാസമായി മാറി.

ശബരിമല പ്രതിഷേധത്തിലൂടെ ബിജെപിയ്ക്ക് സംസ്ഥാനത്തെ ഹിന്ദുവികാരത്തെ ജ്വലിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല അവസരം വേറെയില്ലെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പോലും വിലയിരുത്തുന്നത്.

പ്രായഭേദമെന്യേ ഏതു സ്ത്രീകള്‍ക്കും അയ്യപ്പക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ആയിരക്കണക്കിന് ഭക്തരുമായി കൈകോര്‍ക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്.

വിധി വന്നതിന് പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വമ്പന്‍ നിരയാണ് ‘ശരണം അയ്യപ്പാ’ വിളികളുമായി തെരുവില്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ബിജെപിയും ആദ്യം സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നവരാണ്. ലിംഗസമത്വം എന്ന കാഴ്ചപ്പാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും ഇതു തന്നെയാണ് ചെയ്തു.

എന്നാല്‍ രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാന ഘടകങ്ങള്‍ ഇതിന് കടകവിരുദ്ധമായി വിധിയെ അപലപിച്ച് വിശ്വാസികളുടെ വികാരത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു.

ഇതിലെ രാഷ്ട്രീയം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ ബിജെപി സംസ്ഥാന ഘടകം വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ നേതാക്കളെ ഇറക്കി പ്രസ്താവന ഇറക്കുകയായിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായപ്പോള്‍ ബിജെപി പന്തളത്ത് നിന്നും തിരുവനന്തപുരം വരെ 97 കിലോമീറ്റര്‍ ദൂരം പടുകൂറ്റന്‍ യാത്ര സംഘടിപ്പിക്കുകയായിരുന്നു.

ഒക്‌ടോബര്‍ 7 ന് ആര്‍എസ്എസ് സ്‌റ്റേറ്റ് കമ്മറ്റി അടിയന്തിര യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു. പിറ്റേന്ന് തന്നെ സംഘപരിവാറുകളില്‍ സമാനഗതിക്കാരായ ഹിന്ദു സംഘടനകളെ വിളിച്ചും വിഷയം ചര്‍ച്ച ചെയ്തു.

കേരളത്തിലെ ഹിന്ദുസമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള എന്‍എസ്എസും എസ്എന്‍ഡിപിയും പ്രതിഷേധത്തിന്റെ ഭാഗമായി.

പെട്ടെന്ന് മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യം ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്നാണ് വിലയിരുത്തല്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ട് ശതമാനം കൂട്ടാനും രണ്ടു സീറ്റെങ്കിലും നേടാനും അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാല്‍ പരമ്പരാഗതമായി സിപിഎമ്മിന് ലഭിച്ചിരുന്ന ഹിന്ദു വോട്ടുകളില്‍ അഞ്ചു ശതമാനമെങ്കിലും നഷ്ടം വരുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.

അതേസമയം 14 സീറ്റെങ്കിലും നേടി ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസായിരിക്കുമെന്നും അവര്‍ കരുതുന്നു.

വിധിയുടെ പശ്ചാത്തലത്തില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്നേക്കാമെന്ന് ഭയക്കുന്ന മുസ്‌ളീം സമുദായത്തിന്റെ വോട്ട ഇടതുപക്ഷത്തേക്കോ കോണ്‍ഗ്രസിലേക്കോ ചാഞ്ഞേക്കാമെന്നും കരുതുന്നു.

ബിജെപിചരിത്രത്തില്‍ പോലും ഇത്തരം ഒരു അവസരം കേരളത്തില്‍ ബിജെപിയ്ക്ക് കിട്ടുകയില്ലെന്നാണ് ബിജെപി നേതാക്കളും കരുതുന്നത്.

ഈ വികാരം മുതലെടുക്കാനുള്ള രാഷ്ട്രീയ വിവേകവും തന്ത്രങ്ങളുമാണ് നേതാക്കള്‍ രൂപീകരിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പെടുന്നവര്‍ പറയുന്നത്.

ബിജെപി സാവധാനത്തിലാണ് ഇടപെടുന്നതെന്നും എന്നാല്‍ കേരളത്തിലെ ഹിന്ദു സമുദായത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ആര്‍എസ്എസ് നേതൃത്വവും കരുതുന്നുണ്ട്.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ സവര്‍ണ്ണ സമൂഹത്തിന്റേതാണ് പ്രതിഷേധം എന്ന എതിര്‍പ്രചരണത്തെ മറികടക്കാന്‍ നായര്‍ ഇതര ഹിന്ദുസമൂഹത്തിനെയും കൊണ്ടുവരാനുള്ള പരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്യണമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.

CLICK TO FOLLOW UKMALAYALEE.COM