ശബരിമലയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം  – UKMALAYALEE

ശബരിമലയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം 

Tuesday 12 November 2019 7:33 AM UTC

തിരുവനന്തപുരം Nov 12 : ദേശീയ സംസ്ഥാന തലത്തില്‍ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം.

ശബരിമല വനത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭക്തര്‍ കാട്ട് വഴിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഭക്തരുടെ ഇടയിലേക്ക് ഇവര്‍ കടന്ന് കൂടാന്‍ സാധ്യതകളേറെയാണെന്ന് ഈ വര്‍ഷത്തെ ശബരിമല റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവോയിസ്റ്റ് സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടാകാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും സാഹചര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.

കൂടാതെ തീരദേശം വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്താന്‍ ശ്രമമുണ്ടെന്നും ജില്ലാ പോലീസ് മേധാവികള്‍ തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല നട നവംബര്‍ 15 ന് തുറന്നാല്‍ ജനുവരി 20 നാണ് അടയ്ക്കുന്നത്. നാല് ഘട്ടങ്ങളിലായുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബ് ഐപിഎസിനാണ്.

ട്രാക്കട്ടറുകളില്‍ സ്വാമി അയ്യപ്പന്‍ റോഡുകളില്‍ കൂടി സന്നിധാത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കണം. ഡോളിയില്‍ വരുന്ന കാക്കി പാന്റ് ധരിച്ചിരിക്കുന്നവരെയും പരിശോധിക്കണം. ശബരിമലയില്‍ എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം.

സന്നിധാനത്തേക്കുള്ള പുല്ലുമേട്ടില്‍ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളും പ്രവര്‍ത്തനവും നിരീക്ഷവും ഉറപ്പ് വരുത്തണം. വ്യേമസേനയും നാവിക സേനയും ശബരിമലയില്‍ സംയുക്തമായി വ്യേമനിരീക്ഷണം നടത്തും.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കും ചീഫ് കോ ഓര്‍ഡിനേറ്റര്‍. പത്തനംത്തിട്ട ജില്ലാ പോലീസ് മേധാവി നോഡല്‍ ഓഫിസര്‍. എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി നിലയ്ക്കല്‍ ഹെലിപ്പാട് ഉപയോഗിക്കും.

അടുത്ത സീസണില്‍ സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മ്മിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആളുകളെ മാറ്റുന്നതിന് കൂടുതല്‍ തുറന്ന സ്ഥലങ്ങള്‍ ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ഡലപൂജക്കായി 16 ാം തീയതിയാണ് നട തുറക്കുന്നത്. ശേഷം ഡിസംബര്‍ 27 ന് നട അടയ്ക്കും. പിന്നീട് മകരവിളക്ക് ആഘോഷങ്ങള്‍ക്കായി ഡിസംബര്‍ 30 ന് നടതുറക്കും. മകരവിളക്കിന് ശേഷം 20 ന് നട അടയ്ക്കും.

CLICK TO FOLLOW UKMALAYALEE.COM