ശബരിമലയില്‍ പോലീസ്‌ ഒറ്റിയെന്നു മുഖ്യമന്ത്രി – UKMALAYALEE

ശബരിമലയില്‍ പോലീസ്‌ ഒറ്റിയെന്നു മുഖ്യമന്ത്രി

Wednesday 17 July 2019 1:46 AM UTC

തിരുവനന്തപുരം July 17 : ശബരിമലയിലെ പോലീസ്‌ നടപടികള്‍ ഉന്നതോദ്യോഗസ്‌ഥരില്‍ ചിലര്‍ മതസംഘടനകള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്രമസമാധാനച്ചുമതലയുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ നിലപാടിനൊപ്പമാകണം പോലീസ്‌ നില്‍ക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ശബരിമലയ്‌ക്കു പുറപ്പെട്ട “മനീതി” സംഘത്തെ പമ്പയില്‍ മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചതു പോലീസ്‌ ഉന്നതതലത്തില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്‌.

ഇത്‌ ആര്‍.എസ്‌.എസിനെ സഹായിക്കാനായിരുന്നെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മനീതി സംഘം വന്നപ്പോള്‍ നാറാണത്ത്‌ ഭ്രാന്തനെപ്പോലെയായിരുന്നു പോലീസ്‌.

രണ്ട്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ശബരിമല ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിഞ്ഞുമാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ, ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബിശ്വാസ്‌ മേത്ത എന്നിവരെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

ശബരിമലയില്‍ പല ഉദ്യോഗസ്‌ഥരും തന്നിഷ്‌ടപ്രകാരം പ്രവര്‍ത്തിച്ചു. യുവതികള്‍ എത്തുന്നതു കൃത്യമായി മതസംഘടനാനേതാക്കള്‍ക്കു ചോര്‍ത്തിനല്‍കി. “കൊണ്ടുപോയതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ” എന്ന സമീപനം സ്വീകരിച്ചു.

ആര്‍.എസ്‌.എസ്‌. നേതാവിനു മൈക്ക്‌ പിടിച്ചുകൊടുക്കാന്‍ വല്ലാത്ത വെമ്പലായിരുന്നു ചിലര്‍ക്ക്‌. ചില വിവരങ്ങള്‍ പോലീസ്‌ ആസ്‌ഥാനത്തുനിന്നും ചോര്‍ന്നു. പോലീസിന്റെ ഈ സമീപനം മൂലം സുപ്രീംകോടതി വിധി വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.

ഉത്തരവാദിത്വബോധം മറന്ന പോലീസുകാര്‍ ശബരിമലയില്‍ സ്വന്തം താത്‌പര്യപ്രകാരം ഓടിനടക്കുകയായിരുന്നു. അവരുടെ ലക്ഷ്യം പകല്‍പോലെ വ്യക്‌തമാണ്‌. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുന്നതിലും പോലീസ്‌ ഗുരുതരവീഴ്‌ച വരുത്തി.

ഇത്തരക്കാര്‍ക്കെതിരേ ശക്‌തമായ അച്ചടക്കനടപടി സ്വീകരിക്കേണ്ടിവരും. കസ്‌റ്റഡി മര്‍ദനവും സ്‌റ്റേഷനിലെത്തുന്നവരോടുള്ള മോശമായ പെരുമാറ്റവും അനുവദിക്കാനാവില്ല.

എസ്‌.ഐമാര്‍ക്കു പകരം സി.ഐമാരെ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാരായി നിയമിച്ചിട്ടും പോലീസില്‍ മാറ്റമുണ്ടായില്ല. പെറ്റി കേസ്‌ പിടിച്ച്‌ ആളാകാനാണ്‌ ഉദ്യോഗസ്‌ഥര്‍ക്കു താത്‌പര്യം. ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിലാകണം കഴിവു തെളിയിക്കേണ്ടത്‌.

മികച്ച പോലീസുകാര്‍ക്കു പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെടുങ്കണ്ടം കസ്‌റ്റഡി മരണം ഉള്‍പ്പെടെ പോലീസിന്റെ പ്രതിഛായയെ ബാധിച്ച സാഹചര്യത്തിലാണു തൈക്കാട്‌ പോലീസ്‌ ട്രെയിനിങ്‌ കോളജില്‍ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്‌ഥരുടെ യോഗം വിളിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM