വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ വീഴരുതേ..: ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍ – UKMALAYALEE

വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ വീഴരുതേ..: ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍

Thursday 14 February 2019 1:52 AM UTC

കൊച്ചി Feb 14: വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍). സിയാലിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ പെരുകുന്നതോടെയാണ് സിയാല്‍ അധികൃതര്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

സിയാലിന്റെ പേരില്‍ നിരവധി ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് സിയാലിന്റെ മുന്നറിയിപ്പ്.

സിയാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സിയാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ സിയാലിന്റെ മുന്നറിയിപ്പ്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ) തൊഴിൽ വാഗ്ദാനം ചെയ്ത് നിരവധി ഏജൻസികളും വ്യക്തികളും ഉദ്യോഗാർത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സിയാൽ മുന്നറിയിപ്പ് നൽകുന്നു.

സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകൾ ഒഴിവുണ്ടെന്നും അതിനായി തങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജൻസികളും തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്.

പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കിൽ നിശ്ചിത തുക ഈ ഏജൻസികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിന് ലഭിക്കുന്നത്.

നിലവിൽ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴിൽ ഒഴിവുകളില്ല. ഭാവിയിൽ ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. www.cial.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകും.

എല്ലാ തസ്തികൾക്കും ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവിൽ ഒഴിവുകളില്ലാത്ത സാഹചര്യത്തിൽ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട ലിങ്ക് മരവിപ്പിച്ചിട്ടുണ്ട്.

തൊഴിൽതട്ടിപ്പ് നടത്തിയ ചില ഏജൻസികൾക്കെതിരെ സിയാൽ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു. ഇത്തരം വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ pro@cial.aero എന്ന ഇ-മെയിലിൽ അറിയിക്കുക.

CLICK TO FOLLOW UKMALAYALEE.COM