വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ബില്‍; സംശയിക്കപ്പെടുന്നവരും പട്ടികയിലെത്തും – UKMALAYALEE

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ബില്‍; സംശയിക്കപ്പെടുന്നവരും പട്ടികയിലെത്തും

Friday 26 July 2019 1:55 AM UTC

ന്യൂഡല്‍ഹി July 26: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന യു.എ.പി.എ. ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ഇതുവരെ സംഘടനകളെയാണു ഭീകരരായി പ്രഖ്യാപിക്കുന്നത്.

ഈ നിയമം നിലവില്‍വന്നാല്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയുള്‍പ്പെടെ പട്ടികയിലുള്‍പ്പെടുത്താനാവും.

കരിനിയമമെന്നു വിളിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ പ്രതിഷേധനടപടികള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്.

287 പേര്‍ അനുകൂലിച്ചു വോട്ട് ചെയ്തു, എട്ടുപേര്‍ എതിര്‍ത്തും. മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, എ.ഐ.യു.ഡി.എഫ്, എ.ഐ.എം.ഐ.എം അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആര്‍.എസ്.പിയും എന്‍.സി.പിയും ഡി.എം.കെയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളിലേക്ക് െകെകടത്തി ഫെഡറലിസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഹനിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

ഭീകരവാദം ആരോപിക്കപ്പെട്ട വ്യക്തികളുടെ പേരിലുള്ള സ്വത്ത് കണ്ടു കെട്ടാന്‍ സംസ്ഥാന പോലീസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ തന്നെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാന്‍ അധികാരം നല്‍കുന്ന തരത്തിലാണ് ഭേദഗതി.

മുമ്പ് ഇത്തരം നടപടിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു.

എന്‍.ഐ.എ. അന്വേഷിക്കുന്ന കേസാണെങ്കില്‍ സ്വത്ത് കണ്ടെത്താന്‍ എന്‍.ഐ.എ. ഡയറക്ടര്‍ ജനറലിന്റെ അനുമതി മതിയെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഭീകരബന്ധമുള്ള കേസുകളില്‍ അന്വേഷണം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനോ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനോ അന്വേഷണം നടത്തണമെന്ന നിബന്ധന ഒഴിവാക്കി ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്ക് അന്വേഷണച്ചുമതല നല്‍കാനും ഭേദഗതി നിര്‍ദേശിക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM