വോട്ടിനു പിന്നാലെ താമരയില്‍ തമ്മിലടി , ബിനു പുളിക്കക്കണ്ടത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തു – UKMALAYALEE

വോട്ടിനു പിന്നാലെ താമരയില്‍ തമ്മിലടി , ബിനു പുളിക്കക്കണ്ടത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Tuesday 24 September 2019 5:05 AM UTC

പാലാ Sept 24: ഉപതെരഞ്ഞെടുപ്പ്‌ വോട്ടെടുപ്പിനു പിന്നാലെ, ബി.ജെ.പി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ്‌ ബിനു പുളിക്കക്കണ്ടത്തിനു സസ്‌പെന്‍ഷന്‍.

തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളിലെ നിസ്സഹകരണത്തേത്തുടര്‍ന്നാണ്‌ നടപടിയെന്നു ബി.ജെ.പി. ജില്ലാ പ്രസിഡന്റും എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയുമായ എന്‍. ഹരി അറിയിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകാന്‍ ബിനു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഹരിയുടെ വിജയസാധ്യതയാണു പാര്‍ട്ടി കണക്കിലെടുത്തത്‌. ഇതിന്റെ അമര്‍ഷം മൂലം ബിനു പ്രചാരണപരിപാടികളില്‍നിന്നു വിട്ടുനിന്നതായാണ്‌ ആരോപണം.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കക്കണ്ടം സമീപകാലത്താണു ബി.ജെ.പിയിലെത്തിയത്‌. തുടര്‍ന്ന്‌, പാലാ നിയോജകമണ്ഡലം പ്രസിഡന്റായി നിയമിക്കപ്പെട്ടു.

അതേസമയം, പാലായില്‍ പണം വാങ്ങി 5000 വോട്ട്‌ എന്‍. ഹരിയുടെ നേതൃത്വത്തില്‍ യു.ഡി.എഫിനു മറിച്ചുകൊടുത്തെന്നും അതു പുറത്തറിയുമെന്നതിനാലാണു തന്നെ പുറത്താക്കിയതെന്നും ബിനു ആരോപിച്ചു.

താന്‍ കഴിഞ്ഞ ഒന്‍പതിനുതന്നെ രാജി സമര്‍പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM